ന്യൂഡൽഹി> സ്വാതന്ത്ര്യസമര സേനാനിയും സിപിഐ എം മുതിർന്ന നേതാവുമായ എൻ ശങ്കരയ്യക്ക് മധുര കാമരാജ് സർവകലാശാലയുടെ ഡോക്ടറേറ്റ് സമ്മാനിക്കും. ശങ്കരയ്യയുടെ നൂറ്റിരണ്ടാം പിറന്നാൾ ദിനമായ ശനിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാലിൻ പിറന്നാൾ ആശംസയും നേർന്നു.
സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. മധുര സർവകലാശാലയുടെ കീഴിലുള്ള അമേരിക്കൻ കോളേജിൽ പഠിക്കുന്ന കാലത്ത് 1941ൽ ബ്രിട്ടീഷ് അധികൃതർ ജയിലിലടച്ച ശങ്കരയ്യയെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് പന്ത്രണ്ട് മണിക്കൂർ മുൻപാണ് മോചിപ്പിച്ചത്. ജയിലിലായതിനാൽ ബിരുദപഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇദ്ദേഹത്തിന് ബിരുദം നൽകണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി സായിനാഥ് അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, തമിഴ്നാട് സർക്കാർ ഡോക്ടറേറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നു. 1967ലും 77ലും 80ലും തമിഴ്നാട് നിയമസഭാംഗമായിരുന്നു. ശങ്കരയ്യക്ക് 100 വയസ്സുതികഞ്ഞ 2021ൽ തമിഴ്നാട് സർക്കാർ തഗയ്സൽ തമിൽ അവാർഡ് നൽകി ആദരിച്ചിരുന്നു. അവാർഡ് തുകയായ പത്തുലക്ഷം രൂപ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.