അബുദാബി
പരസ്പര വ്യാപാര ഇടപാടുകൾ സ്വന്തം കറന്‍സികളില്‍ നടത്താന്‍ ഇന്ത്യയും യുഎഇയും ധാരണയായി. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മൊഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഏകീകൃത ഓണ്‍ലൈന്‍ പണമിടപാട് സംവിധാനവും യുഎഇയുടെ പണമിടപാട് സംവിധാനവും ബന്ധിപ്പിക്കും.
ഇടപാടുകളില്‍ ഇന്ത്യൻ രൂപയും യുഎഇ ദിർഹവും ഉപയോഗിക്കാന്‍ പ്രത്യേക ചട്ടക്കൂട് രൂപീകരിക്കും. ഇത് സംബന്ധിച്ച ധാരണപത്രങ്ങളിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസും യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മൊഹമ്മദ് ബലമയും ഒപ്പിട്ടു. കഴിഞ്ഞ വർഷം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടശേഷം ഇരു രാജ്യത്തിനുമിടയിലുള്ള വ്യാപാരത്തിൽ 20 ശതമാനം വർധനയുണ്ടായതായി മോദി പറഞ്ഞു.
അബുദാബിയിൽ ഐഐടി ഡൽഹിയുടെ ക്യാമ്പസ് ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസവകുപ്പും ഇതിനായുള്ള ധാരണപത്രത്തിൽ ഒപ്പിട്ടു. ഈ വർഷം യുഎഇയിൽ നടക്കാനിരിക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടി (കോപ് 28)ക്കായി നടക്കുന്ന ഒരുക്കങ്ങൾ സംബന്ധിച്ചും ചർച്ച നടത്തി. ഉച്ചകോടിയുടെ നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബറുമായി മോദി കൂടിക്കാഴ്ച നടത്തി. ശനി വൈകിട്ട് മോദി ഇന്ത്യയില്‍ തിരിച്ചെത്തി.