ന്യൂഡൽഹി
മൂന്ന് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലംമാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു.
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ദിനേശ്കുമാർ സിങ്ങിനെ കേരളാ ഹൈക്കോടതിയിലേക്കും പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് ബജാജിനെ അലഹബാദ് ഹൈക്കോടതിയിലേക്കും ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗൗരാങ് കാന്തിനെ കൽക്കട്ട ഹൈക്കോടതിയിലേക്കും സ്ഥലംമാറ്റാമെന്നായിരുന്നു കൊളീജിയം ശുപാർശ. കൊളീജിയം ശുപാർശ അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ് വാൾ അറിയിച്ചു.
ഹൈക്കോടതി ജഡ്ജിമാരുടെ എതിർപ്പ് അവഗണിച്ചാണ് കൊളീജിയം അവരെ സ്ഥലം മാറ്റാം എന്ന ശുപാർശ നൽകിയത്. തങ്ങളെ മാതൃകോടതികളിൽ തുടരാൻ അനുവദിക്കണം, അല്ലെങ്കിൽ തങ്ങളുടെ താൽപ്പര്യങ്ങൾ കൂടി കണക്കിലെടുത്ത് അടുത്തുള്ള ഏതെങ്കിലും സംസ്ഥാനത്തെ ഹൈക്കോടതിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് മൂന്ന് ജഡ്ജിമാരും കൊളീജിയത്തിന് കത്തുകളും നൽകിയിരുന്നു. കേന്ദ്രം നിയമന ഉത്തരവ് പുറപ്പെടുവിച്ചതോടെ ജഡ്ജിമാർക്ക് കൊളീജിയം ശുപാർശ പ്രകാരമുള്ള ഹൈക്കോടതികളിൽ ചുമതല ഏൽക്കേണ്ടി വരും.
കേരള ഹൈക്കോടതിയിലെ
4 ജഡ്ജിമാരെ
സ്ഥിരപ്പെടുത്താൻ
ശുപാർശ
അഞ്ചു ഹൈക്കോടതിയിലെ 15 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാർ ആക്കാമെന്ന് സുപ്രീംകോടതി കൊളീജിയം ശുപാർശ. കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരായ ബസന്ത് ബാലാജി, സി ജയചന്ദ്രൻ, സോഫി തോമസ്, പി ജി അജിത്കുമാർ എന്നിവരുടെ പേരും കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്.