ന്യൂഡൽഹി
മോദി സർക്കാരിന്റെ ഏകാധിപത്യനിലപാടുകൾക്കെതിരായി ദേശീയതലത്തിൽ യോജിച്ചുനീങ്ങുന്നതിന്റെ ഭാഗമായുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പ്രതിപക്ഷ പാർടികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ബംഗളൂരുവിൽ യോഗം ചേരും. 24 രാഷ്ട്രീയപാർടി പങ്കെടുക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എല്ലാ പ്രതിപക്ഷപാർടികൾക്കും യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ച് കത്തയച്ചിട്ടുണ്ട്. കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം, മുസ്ലിംലീഗ്, ആർഎസ്പി, ഫോർവേഡ്ബ്ലോക്ക്, വിസികെ, എംഡിഎംകെ, കെഡിഎംകെ തുടങ്ങിയ പാർടികളും ബംഗളൂരു യോഗത്തിനെത്തും. തിങ്കൾ വൈകിട്ട്ആറിനാണ് യോഗം.
തുടർന്ന് സോണിയ നേതാക്കൾക്ക് അത്താഴവിരുന്ന് നൽകും. ആർജെഡി നേതാവ് ലാലുപ്രസാദ് യാദവും എത്തുന്നുണ്ട്. ദേശീയതലത്തിൽ പ്രതിപക്ഷ പാർടികൾ യോജിക്കുന്നത് സംഘപരിവാറിന് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. പറ്റ്ന യോഗത്തിന് പിന്നാലെ എൻസിപിയിൽ പിളർപ്പ് സൃഷ്ടിച്ചത് അതിന്റെ പ്രതിഫലനമാണ്. എന്നാൽ പിളർപ്പിനുശേഷം ശരത് പവാർ കൂടുതൽ കരുത്തോടെ ബിജെപിയെ നേരിടുകയാണ്. പറ്റ്നയിൽ പ്രതിപക്ഷ യോഗത്തിൽ 15 പാർടികളാണ് പങ്കെടുത്തത്.