ന്യൂഡൽഹി > കേരളത്തിലെ കാർഷിക മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് കൃഷിമന്ത്രി പി പ്രസാദ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കാർഷിക മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് മന്ത്രി ചർച്ച നടത്തി. കേരഫെഡിനെ കൊപ്ര സംഭരണത്തിൽ നിന്നും കേന്ദ്രസർക്കാർ ഒഴിവാക്കിയത് പുന:പരിശോധിക്കണമെന്നും ഉണ്ട കൊപ്ര സംഭരണത്തിന് വേണ്ട അനുമതി കേരളത്തിന് ഉടനെ ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങൾക്ക് അനുമതി നൽകുമെന്ന് സമ്മതിച്ചതായും മന്ത്രി പറഞ്ഞു.
കേരളത്തിലെ നെൽകൃഷിയ്ക്ക് കൂടുതൽ സാമ്പത്തിക പിന്തുണ കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ.കെ.വി.വൈ)യിലൂടെ അനുവദിക്കണമെന്നും പി പ്രസാദ് ആവശ്യപ്പെട്ടു. നിലവിൽ ആർകെവിവൈ പദ്ധതിയിൽ ലഭിക്കുന്ന മൊത്ത കേന്ദ്ര സഹായത്തിന്റെ 10% മാത്രമേ നെൽകൃഷിയ്ക്ക് അനുവദിക്കുന്നുള്ളൂ. ഈ പരിധി ഉയർത്തി കൂടുതൽ കേന്ദ്ര സഹായം അനുവദിച്ചാൽ കൂടുതൽ നെൽ കർഷകർക്ക് സഹായമെത്തിക്കുവാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്മാർട്ട് കൃഷി ഭവൻ, ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ എന്നീ പദ്ധതികൾ കേരളത്തിൽ 2022ൽ തന്നെ ആരംഭിച്ചുവെന്നും, കേന്ദ്ര സർക്കാർ ഈ വർഷം നടപ്പാക്കാൻ ആരംഭിച്ച ഡിജിറ്റൽ ക്രോപ്പ് സർവ്വേ, കേരളത്തിന്റെ മൂന്നാം 100ദിന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കാർഷിക വിവരങ്ങളുടെ ഡിജിറ്റലൈസേഷൻ പദ്ധതിയായ കേരള അഗ്രി-സ്റ്റാക് പദ്ധതിയുമായി സംയോജിപ്പിച്ചു കൊണ്ട് നടപ്പിലാക്കി വരുന്നുവെന്നും പി പ്രസാദ് കേന്ദ്രമന്ത്രിയെ അറിയിച്ചു. കേരളത്തിൽ ജൈവകൃഷി മിഷൻ രൂപീകരിച്ച കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടുതൽ ജൈവകൃഷിയും പ്രകൃതി കൃഷിയും കേരളത്തിൽ വ്യാപിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പിന്തുണ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയായ 10,000 കാർഷികോത്പാദന സംഘടനകളു (എഫ്.പി.ഒ)ടെ രൂപീകരണവും കാർഷിക മേഖലയുടെ വികസനവും എന്ന പദ്ധതിയിൽ കേരളത്തിലെ എഫ്.പി.ഒ നടത്തിപ്പ് ഏജൻസിയായ സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യ (എസ്എഫ്എസി)ത്തെ ഉൾപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനും അതിജീവന കൃഷി സാധ്യമാക്കുന്നതിനുമായി ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കൃഷി – കാർഷിക അനുബന്ധ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കേരള സാമ്പത്തിക പുനരുദ്ധാരണ പദ്ധതി (കേരള എക്കണോമിക് റിവൈവൽ പ്രോഗ്രാം-KERA)യുടെ പുരോഗതി കേന്ദ്ര കൃഷി വകുപ്പുമായി ചർച്ച ചെയ്തതായും മന്ത്രി അറിയിച്ചു.
കാർഷികോല്പാദന കമ്മീഷണർ ഡോ. ബി അശോക് ഐഎഎസ്., കൃഷി ഡയറക്ടർ അഞ്ജു കെ എസ് ഐഎഎസ്, കാർഷിക വില നിർണ്ണയ ബോർഡ് ചെയർമാൻ ഡോ. പി രാജശേഖരൻ, കൃഷി അഡീഷണൽ ഡയറക്ടർ ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവരും കൂടികാഴ്ചയിൽ പങ്കെടുത്തു.