ചുരാചന്ദ്പ്പുർ
‘കുക്കികൾക്ക് സ്വയംഭരണാവകാശത്തോടെയുള്ള പ്രത്യേക സംസ്ഥാനം ലഭിച്ചേ തീരൂ. അല്ലാതെ പ്രശ്നം അവസാനിക്കില്ല. മെയ്ത്തീകളുമായി ഇനി സഹകരിച്ച് പോകാനാകില്ല. കുക്കിക വംശഹത്യയാണ് അവര് ലക്ഷ്യമിട്ടത്. മുഖ്യമന്ത്രി ബിരേൻ സിങ് മെയ്ത്തീകളുടെമാത്രം മുഖ്യമന്ത്രിയാണ്.’–- തദ്ദേശീയ ഗോത്ര നേതൃഫോറം (ഐടിഎൽഎഫ്) വക്താവായ ജിൻസ വ്വാൽസോങ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ചുരാചന്ദ്പ്പുരിലെ ഐടിഎൽഎഫ് ഓഫീസിൽ വച്ചാണ് ജിൻസയെ കണ്ടത്. മെയ് മൂന്നിന് കലാപം ആരംഭിച്ചശേഷം കുക്കികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ജിൻസ വിശദീകരിച്ചു.
ഇംഫാൽ താഴ്വരയിലേക്ക് പോകാൻ കുക്കികൾക്കാകില്ല. ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്ക്കും അറുപത് കിലോമീറ്റർ അകലെയുള്ള ഇംഫാലിനെയാണ് ആശ്രയിച്ചിരുന്നത്. മെയ്ത്തീ ഡോക്ടർമാരും ജീവനക്കാരും കലാപത്തെ തുടർന്ന് ചുരാചന്ദ്പ്പുരില് നിന്ന് ഇംഫാലിലേക്ക് മടങ്ങി.
മരുന്ന് ക്ഷാമവും രൂക്ഷം. അടുത്തിടെ കലാപത്തിൽ വെടിയേറ്റ കുക്കി യുവാവിനെ അടിയന്തര ശസ്ത്രക്രിയക്കായി ഗുവാഹത്തിയിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോകേണ്ടിവന്നു. ഇംഫാലിൽനിന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം ചുരാചന്ദ്പ്പുർ ആശുപത്രിയിൽ എത്തിയിരുന്നത് ഇപ്പോൾ നിലച്ചു.
മണിപ്പുരിലെ ഏക വിമാനത്താവളം ഇംഫാലിലാണ്. ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് പോകാൻ കുക്കികൾ റോഡുമാർഗം 350 കിലോമീറ്റർ സഞ്ചരിച്ച് മിസോറം തലസ്ഥാനമായ ഐസ്വാളിൽ എത്തണം. മലനിരകൾ കടന്നുള്ള ഐസ്വാൾ യാത്രയ്ക്ക് 14 മണിക്കൂർ എടുക്കും. എല്ലാ കാര്യങ്ങൾക്കും ഐസ്വാളിനെ ആശ്രയിച്ച് തുടങ്ങിയതോടെ അവശ്യവസ്തുക്കൾക്ക് വില കൂടി.
പെട്രോളും ഡീസലും പമ്പുകളിൽ ആവശ്യത്തിന് ലഭ്യമല്ല. ഇംഫാലിൽനിന്ന് ചുരാചന്ദ്പ്പുരിലേക്ക് ആഴ്ചയിൽ രണ്ട് ഹെലികോപറ്റർ സർവീസിന് തുടക്കമായിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ല. ഹെലികോപ്റ്ററിൽ ഇംഫാൽ വിമാനത്താവളത്തിൽ ഇറങ്ങിയാൽ ആക്രമിക്കപ്പെടുമോയെന്ന ആശങ്കയാണ് കുക്കി വിഭാഗക്കാർക്ക്.