കോഴിക്കോട്
ഏകസിവിൽകോഡിന്റെ പേരിൽ ധ്രുവീകരണത്തിനുള്ള സംഘപരിവാരത്തിന്റെ മത അജൻഡക്ക് കീഴടങ്ങാതെ മതനിരപേക്ഷ ജനാധിപത്യ ചേരി ശക്തമാക്കണമെന്ന ആഹ്വാനവുമായി ദേശീയ സെമിനാർ. ഏക സിവിൽ കോഡ് രാഷ്ട്രീയനീക്കമാണെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധം സൃഷ്ടിക്കണം. വിയോജിപ്പുകൾ മാറ്റി ഫാസിസ്റ്റ് ശക്തികൾക്കെതിരെ വിപുലമായ ഐക്യനിര വളർത്തിയെടുക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
ബിജെപിയുടെ വർഗീയനീക്കത്തിനെതിരെ സാമുദായിക–-രാഷ്ട്രീയ സംഘടനകൾ ഏകസ്വരമുയർത്തിയ വേദി മതനിരപേക്ഷവിശ്വാസവും പ്രതീക്ഷയും പകരുന്നതായി. ജനനേതാക്കൾ, സമുദായ നേതാക്കളും പുരോഹിതരും, ആദിവാസി–-പട്ടികജാതി സംഘടനാ പ്രതിനിധികൾ തുടങ്ങി ഏക സിവിൽകോഡിനെതിരായ പ്രതികരണവുമായി വിവിധ ജനവിഭാഗങ്ങളുടെ സംഗമവേദിയായി സെമിനാർ. ഏക സിവിൽ കോഡിനെതിരെ ശബ്ദമുയർത്തുന്ന സുന്നി–-മുജാഹിദ് സംഘടനകളും ക്രൈസ്തവ പുരോഹിതരും രാഷ്ട്രീയനേതാക്കളും ഐക്യത്തിന്റെ പാതയിലൂടെ മുന്നേറാൻ ആഹ്വാനംചെയ്തു. തുടർന്ന് മറ്റ് ജില്ലകളിലും സെമിനാറുകൾ സംഘടിപ്പിച്ച് സിവിൽകോഡിനെതിരായ സമരനിര പടുത്തുയർത്തുന്നതോടെ വൻ ജനകീയ മുന്നേറ്റമായി മാറും. കോഴിക്കോട് സ്വപ്നനഗരിയിലെ ട്രേഡ് സെന്ററിൽ നടന്ന സെമിനാറിൽ കെ പി രാമനുണ്ണി അധ്യക്ഷനായി.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സമസ്ത (ഇ കെ വിഭാഗം) സെക്രട്ടറി മുക്കം ഉമർഫൈസി, സമസ്ത (എ പി വിഭാഗം) നേതാവ് സി മുഹമ്മദ് ഫൈസി, കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി, സിപിഐ നേതാവ് ഇ കെ വിജയൻ എംഎൽഎ, ജോസ് കെ മാണി എംപി, എം വി ശ്രേയാംസ്കുമാർ, പ്രൊഫ. എ പി അബ്ദുൾ വഹാബ്, എളമരം കരീം എംപി, പി കെ ശ്രീമതി, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മുൻ എംപി പി കെ ബിജു, വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി, മേയർ ബീന ഫിലിപ്പ്, ഫാ. ജോസഫ് കളരിക്കൽ (താമരശേരി രൂപത), റവ. ഡോ. ടി ഐ ജെയിംസ് (സിഎസ്ഐ), കോഴിക്കോട് രൂപത വികാരി ജനറൽ ഫാ. ജൻസൺ മോൺസിലോർ പുത്തൻവീട്ടിൽ തുടങ്ങിയവരും എസ്എൻഡിപി ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ആദിവാസി ക്ഷേമസമിതി പ്രസിഡന്റ് ഒ ആർ കേളു എംഎൽഎ, പട്ടിക ജാതി ക്ഷേമസമിതി പ്രസിഡന്റ് കെ സോമപ്രസാദ് എന്നിവരും സംസാരിച്ചു. പി മോഹനൻ സ്വാഗതം പറഞ്ഞു.