ന്യൂഡൽഹി
കൂടുതൽ റഫാൽ വിമാനങ്ങൾ വാങ്ങുന്നതടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ ധാരണയാകുമെന്ന് കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പല പ്രതിരോധഇടപാടുകളും യാഥാർഥ്യമായില്ല. കൂടുതല് റഫാൽ വിമാനം വാങ്ങുന്നത് കൂടാതെ മൂന്ന് സ്കോർപിയൻ അന്തർവാഹിനിയും ജെറ്റ് എൻജിനുകളും സംയുക്തമായി നിർമിക്കാനുള്ള നീക്കം പാളി. പ്രതിരോധ ഇടപാടുകൾ യാഥാർഥ്യമാകാതെപോയത് എന്ത് കാരണങ്ങളാലാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.
കരസേനയ്ക്കായി അറുപതിനായിരം കോടി രൂപയ്ക്ക് 36 റഫാൽ യുദ്ധവിമാനം വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആക്ഷേപം നിലവിൽ ഫ്രാൻസിൽ അന്വേഷണത്തിലാണ്. അന്വേഷണവുമായി മോദി സർക്കാർ സഹകരിക്കണമെന്ന് ഫ്രഞ്ച് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന പ്രതിരോധഇടപാടുകൾ മോദിയുടെ സന്ദർശന വേളയിൽ കരാറിലേക്ക് എത്താതെപോയത്.
മോദിയുടെ സന്ദർശനവേളയിൽ ‘ഹൊറൈസൺ 2047’ എന്ന പേരിൽ ഇന്ത്യ–-ഫ്രാൻസ് തന്ത്രപരബന്ധത്തിന്റെ ഭാവി വിശദമാക്കിയുള്ള മാർഗരേഖ പുറത്തിറക്കിയിരുന്നു. ഈ മാർഗരേഖയുടെ കരടിൽ നാവികസേനയ്ക്കായി 26 റഫാൽ വിമാനംകൂടി വാങ്ങുമെന്നും മസഗാവ് ഡോക്ക്യാർഡിൽ സ്കോർപീൻ അന്തർവാഹിനികൾ സംയുക്തമായി നിർമിക്കുമെന്നും രേഖപ്പെടുത്തിയിരുന്നു. ഈ കരട് വിദേശമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ആകെ എൺപതിനായിരം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾ മോദിയുടെ സന്ദർശനവേളയിൽ ധാരണയാകുമെന്നാണ് സർക്കാർ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ വിദേശമന്ത്രാലയം ഒടുവിൽ പുറത്തുവിട്ട ‘ഹൊറൈസൺ’ രേഖയിൽനിന്ന് റഫാൽ ഇടപാടും സ്കോർപീൻ ഇടപാടും വെട്ടിമാറ്റി. വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദ്യങ്ങളുയർന്നപ്പോൾ വിദേശസെക്രട്ടറി വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി. ‘ഹൊറൈസൺ’ രേഖ ഭാവിബന്ധത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ടാണെന്നും ഏതെങ്കിലും ഒറ്റപ്പെട്ട ഇടപാടുകളും കരാറുകളും അതിൽ പരാമർശിക്കേണ്ടതില്ലെന്നുമാണ് വിദേശസെക്രട്ടറിയുടെ ഭാഷ്യം.
മോദിയെ ക്ഷണിച്ച
മാക്രോണിന് രൂക്ഷവിമർശം
നരേന്ദ്ര മോദിയെ ബാസ്റ്റിൽ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിന്റെ പേരിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ രൂക്ഷവിമർശവുമായി പ്രതിപക്ഷ പാർടികൾ. മോദി തീവ്രവലതുപക്ഷക്കാരനാണെന്നും ഇന്ത്യയിലെ മുസ്ലിങ്ങളോട് ആക്രമണോത്സുകമായ ശത്രുതയാണ് പുലർത്തുന്നതെന്നും ഫ്രാൻസ് അൺബൗഡ് പാർടി നേതാവായ ഴാൻ ലൂക്ക് മെലന്ത്യോൺ പറഞ്ഞു.
ഇന്ത്യ സുഹൃദ് രാഷ്ട്രമാണ്. എന്നാൽ, ബാസ്റ്റിൽ ദിനാഘോഷത്തിൽ സ്വാഗതം ചെയ്യപ്പടേണ്ട വ്യക്തിയല്ല മോദി. ബാസ്റ്റിൽ ദിനം സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ്. ഇതിനെയെല്ലാം പുച്ഛിക്കുന്നയാളാണ് മോദി–- മെലന്ത്യോൺ തുറന്നടിച്ചു. മാക്രോൺ മോദിയെ ക്ഷണിച്ചത് ഗുരുതരമായ രാഷ്ട്രീയ പിശകാണെന്ന് ഗ്രീൻ പാർടി പ്രസിഡന്റായ മരീൻ ടൊണ്ട്ലീർ പറഞ്ഞു.
മോദിയെ ക്ഷണിച്ചതിനെതിരെ ഫ്രാൻസിൽ പ്രതിഷേധങ്ങളും ഉയർന്നു. ‘മോദി വരേണ്ടത് ഇന്നല്ല; ബാസ്റ്റിൽ ദിനം സ്വാതന്ത്ര്യത്തിന്റെ ദിനമാണ്’, ‘മോദിയുടെ തീവ്രവലത് അജൻഡയോട് വിയോജിപ്പ്’ തുടങ്ങിയ മുദ്രാവാക്യങ്ങളോടുകൂടിയ പോസ്റ്ററുകൾ പാരീസ് നഗരത്തിലടക്കം പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ വംശജരിൽനിന്നും മോദിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധമുണ്ടായി.