തിരുവനന്തപുരം
തൃശൂരിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയതിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ചേലക്കരയിലാണ് കൊമ്പിന്റെ ഭാഗമെടുത്ത് കാട്ടാനയെ കുഴിച്ചിട്ടത്. കാട്ടാനകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉന്നതതല യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.
പാലക്കാട്ടുനിന്ന് പിടിച്ച പിടി –-7 (ധോണി)ന്റെ കാഴ്ച നഷ്ടമായതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ചീഫ് വെറ്ററിനറി സർജനും വിശദീകരണം നൽകി. പിടികൂടിയ സമയത്തുതന്നെ ആനയുടെ കാഴ്ചയ്ക്ക് മങ്ങലുണ്ടായിരുന്നു. ആന അക്രമാസക്തമായതിനാലും കൂട്ടിലാക്കേണ്ടി വന്നതിനാലും കൃത്യമായ ചികിത്സ സാധ്യമായില്ല. നിലവിൽ മരുന്നുകൾ നൽകുന്നു. കോർണിയ തെളിഞ്ഞു. ലെൻസിന് തെളിച്ചം വന്നിട്ടില്ല. കൂടുതൽ പരിശോധന നടത്തി തുടർ ചികിത്സ നൽകണം.
സംസ്ഥാനത്തെ ആനകളെ ഗുജറാത്തിലേക്ക് കടത്താൻ ശ്രമിക്കുന്നുവെന്നും ഇതിന് സർക്കാർ കൂട്ടുനിൽക്കുന്നതുമായുള്ള വാർത്തകൾ തെറ്റാണ്. ആനകൾക്കുള്ള വിദഗ്ധ ചികിത്സ കേരളത്തിൽതന്നെ ലഭ്യമാണ്. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് ആനക്കൂട്ടങ്ങൾക്കൊപ്പം ചേർന്നിട്ടുണ്ടെന്നും തമിഴ്നാട് അറിയിച്ചു.
വനം-വന്യജീവിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, മുഖ്യ വനംമേധാവി ബെന്നിച്ചൻ തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ്, വനം വിജിലൻസ് മേധാവി പ്രമോദ് ജി കൃഷ്ണൻ, ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയ തുടങ്ങിയവർ പങ്കെടുത്തു.