ന്യൂഡല്ഹി
തുടര്ച്ചയായി മരണം റിപ്പോര്ട്ട് ചെയ്യപ്പെട്ടെങ്കിലും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ തന്നെ ചീറ്റപ്പുലികൾ തുടരുമെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ്. കുനോയിലെ ചീറ്റപ്പുലി പരിപാലനത്തില് അന്താരാഷ്ട്ര വിദഗ്ധര്‍ ആശങ്ക അറിയിച്ചതിനുപിന്നാലെയാണ് പ്രതികരണം. കേന്ദ്ര സംഘം കുനോയില് പരിശോധന നടത്തുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ചീറ്റകളുടെ കഴുത്തില് ഘടിപ്പിച്ച റേഡിയോ കോളറിൽനിന്നുള്ള അണുബാധയാണ് ചീറ്റകള് ചത്തതിന് കാരണമെന്ന് ചീറ്റ നിരീക്ഷണചുമതലയുള്ള സംഘത്തിന്റെ മേധാവി രാജേഷ് ഗോപാൽ അവകാശപ്പെട്ടു. രാജ്യത്ത് 25 വർഷമായി വന്യജീവി സംരക്ഷണത്തിനായി കോളർ ഉപയോഗിക്കുന്നു. ഇത്തരമൊരു സംഭവം ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ആൺ ചീറ്റകൾ ചത്തതിനുകാരണം റേഡിയോ കോളറുകൾ മൂലമുണ്ടാകുന്ന സെപ്റ്റിസീമിയ എന്ന അണുബാധയായിരിക്കാമെന്ന് ദക്ഷിണാഫ്രിക്കൻ വിദഗ്ധനും സംശയം പ്രകടിപ്പിച്ചു. കനത്ത മഴയുള്ളപ്പോള് റേഡിയോ കോളറില് അണുബാധയുണ്ടാക്കാനിടയുണ്ട്. നാലുമാസത്തിനിടെ മൂന്ന് ചീറ്റകുഞ്ഞുങ്ങൾ അടക്കം എട്ടുചീറ്റകളാണ് കുനോയില് ചത്തത്. ചത്ത മൂന്ന് ചീറ്റകുഞ്ഞുങ്ങള്ക്കും പോഷകാഹാരക്കുറവ് ഉണ്ടായിരുന്നു.