തിരുവനന്തപുരം
ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടയിലുള്ള ആദ്യപഥം ഉയർത്തി ചാന്ദ്രയാൻ 3. ശനിയാഴ്ച നടത്തിയ പാതതിരുത്തൽ പ്രക്രിയയിൽ ഐഎസ്ആർഒ വിജയം നേടി. ഇതോടെ ഭൂമിക്കു ചുറ്റുമുള്ള പേടകത്തിന്റെ ദീർഘവൃത്താകൃതിയിലുളള ഭ്രമണപഥം 170–-42,000 കിലോമീറ്ററായി ഉയർന്നു. നിലവിൽ ഇത് 35,000 കിലോമീറ്ററായിരുന്നു. ശനി പകൽ 12.05ന് ആരംഭിച്ച പഥം ഉയർത്തൽ 12 മിനിറ്റ് നീണ്ടു.
ബംഗളൂരുവിലെ ഐഎസ്ആർഒ ട്രാക്കിങ് കേന്ദ്രം ഇസ്ട്രാക്കിൽനിന്നുള്ള കമാൻഡ് സ്വീകരിച്ച് പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിച്ചു. ഇതേത്തുടർന്നുണ്ടായ തള്ളലിലാണ് പഥം ഉയർന്നത്. ഗ്രൗണ്ട് സ്റ്റേഷനായ ഹവായ്ക്ക് മുകളിൽ പേടകം എത്തിയപ്പോഴാണ് ത്രസ്റ്റർ ജ്വലനം ആരംഭിച്ചത്. 97 കിലോ ഇന്ധനം ഉപയോഗിച്ചു. ഞായർ വൈകിട്ട് ഏഴിന് രണ്ടാമത്തെ പഥം ഉയർത്തും. ഭൂമിയോടടുത്ത് എത്തുന്ന ദൂരം 170 ൽ നിന്ന് 225 കിലോമീറ്റർ ആയി ഉയർത്തുകയാണ് ലക്ഷ്യം. അടുത്ത പഥം ഉയർത്തൽ ചൊവ്വാഴ്ചയാണ്. അഞ്ചാമത്തെ പഥം ഉയർത്തലോടെ ആഗസ്ത് ഒന്നിന് ചാന്ദ്രയാൻ പേടകം ഭൂമിയുടെ ഭ്രമണപഥം ഭേദിച്ച് ചന്ദ്രനിലേക്ക് നേരിട്ട് യാത്ര ആരംഭിക്കും. ആഗസ്ത് 5 ന് ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പേടകം എത്തിയേക്കും. 17ന് നൂറു കിലോമീറ്റർ അടുത്തെത്തി ഭ്രമണം തുടരും. 23 ന് വൈകിട്ട് 5.45 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും.