കൊല്ലം > വ്യാജ നിയമന ഉത്തരവുമായി റവന്യുവകുപ്പിൽ ക്ലർക്ക് തസ്തികയിൽ ജോലിക്ക് ശ്രമിച്ച യുവതി അറസ്റ്റിൽ. കൊല്ലം വാളത്തുംഗൽ ഐശ്വര്യയിൽ ആർ രാഖിയെ (25)യാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ്ചെയ്തത്. ശനി രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ ഭർത്താവിനും ബന്ധുക്കൾക്കും ഒപ്പമെത്തിയ രാഖി തഹസിൽദാർക്ക് അഡ്വൈസ് മെമ്മോയും നിയമന ഉത്തരവും കൈമാറി. എന്നാൽ, ഇവർ നൽകിയ രേഖകൾ പരിശോധിച്ച തഹസിൽദാർക്ക് സംശയം തോന്നുകയും ഉടൻ ജില്ലാ പിഎസ്സി ഓഫീസുമായി ഫോണിൽ ബന്ധപ്പെടുകയുമായിരുന്നു.
നിയമന ഉത്തരവ് നൽകിയിരിക്കുന്ന അതോറിറ്റിയുടെ സ്ഥാനത്ത് കലക്ടർക്കു പകരം ഡിസ്ട്രിക് ഓഫീസർ റവന്യു വകുപ്പ് കരുനാഗപ്പള്ളി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. രാഖി എന്ന ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ നൽകിയിട്ടില്ലെന്നും നിയമന ഉത്തരവ് വ്യാജമാണെന്നും പിഎസ്സി ഓഫീസിൽനിന്ന് തഹസിൽദാർക്ക് വിവരം ലഭിച്ചു. എന്നാൽ, പിഎസ്സി ഓഫീസിനെ പഴിചാരുകയായിരുന്നു രാഖി. പിഎസ്സി ഓഫീസുമായി ബന്ധപ്പെടാൻ നിർദേശിച്ച് തഹസിൽദാർ അവരെ പറഞ്ഞയക്കുകയുംചെയ്തു. തുടർന്ന് തഹസിൽദാർ പി ഷിബു സംഭവം കലക്ടർക്കും കരുനാഗപ്പള്ളി എസിപിക്കും റിപ്പോർട്ട് ചെയ്തു. ഇതിനിടെ കൊല്ലത്ത് ജില്ലാ പിഎസ്സി ഓഫീസിൽ എത്തിയ രാഖിയും ബന്ധുക്കളും ബഹളംകൂട്ടി.
യഥാർഥ രേഖകൾ ഹാജരാക്കാൻ പിഎസ്സി ജില്ലാ ഓഫീസർ ടി എ തങ്കം ഉൾപ്പെടെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും റാങ്ക് ലിസ്റ്റിന്റെ ഉൾപ്പെടെ മൊബൈലിലുള്ള കോപ്പി മാത്രമാണ് കാണിച്ചത്. ഇതുപ്രകാരം നടത്തിയ പരിശോധനയിൽ 2022 ആഗസ്ത് ഒന്നിന് പ്രസിദ്ധീകരിച്ച പിഎസ്സിയുടെ യഥാർഥ റാങ്ക് ലിസ്റ്റിൽ 22–-ാം റാങ്കുകാരൻ അമൽ എന്നയാളാണെന്നും അമലിനു പകരം 22–-ാമത്തെ പേരായി രാഖിയുടെ പേര് കൃത്രിമമായി കൂട്ടിച്ചേർത്തതാണെന്നും തെളിഞ്ഞു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ യഥാർഥ റാങ്ക് ലിസ്റ്റിനു പകരമായും രാഖി കൃത്രിമ ലിസ്റ്റ് തരപ്പെടുത്തിയിട്ടുണ്ട്. കള്ളം വെളിച്ചത്തായതോടെ രാഖിയുടെ ബന്ധുക്കളിൽ ചിലർ മാധ്യമങ്ങളെയും കൊല്ലം ഈസ്റ്റ് പൊലീസിനെയും വിളിച്ച് തെറ്റിദ്ധരിപ്പിക്കുകയുംചെയ്തു. വ്യാജരേഖ ചമച്ചെന്ന് ബോധ്യമായതിനെ തുടർന്ന് രാഖിയെ പുറത്തുപോകാൻ സെക്യൂരിറ്റി അനുവദിച്ചിരുന്നില്ല.
പിഎസ്സി ജില്ലാ ഓഫീസർ ടി എ തങ്കം നൽകിയ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. രാഖി ഹാജരാക്കിയ അഡ്വൈസ് മെമ്മോയും നിയമന ഉത്തരവും വ്യാജമാണെന്നും പിഎസ്എസി നടത്തിയ എൽഡി ക്ലർക്ക് പരീക്ഷ എഴുതിയിട്ടില്ലെന്നും തെളിഞ്ഞു. മൊബൈൽ ആപ്പിൽ താൻ കൃത്രിമമായി രേഖകൾ ചമച്ച് സ്വന്തം മേൽവിലാസത്തിലേക്ക് അയക്കുകയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ രാഖി സമ്മതിച്ചു. കൃത്രിമമായി രേഖയുണ്ടാക്കുന്നത് എങ്ങനെയെന്നും അവർ പൊലീസിന് കാണിച്ചുകൊടുത്തു.
കൺട്രോൾ റൂം സിഐ ജോസ്, ഈസ്റ്റ് എസ്ഐ വി ജെ ദിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ ചോദ്യംചെയ്തത്. പിഎസ്സി ജില്ലാ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത രാഖിയുടെ ബന്ധുക്കളെ പൊലീസ് വിട്ടയച്ചു. വ്യാജരേഖയുണ്ടാക്കാൻ യുവതിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നു.