മസ്ക്കറ്റ്> ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികൾക്കായി കഴിഞ്ഞ 21 വർഷമായി നടത്തി വരുന്ന വേനൽ തുമ്പി ക്യാമ്പ് ദാർ സൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ ആരംഭിച്ചു.
ഈ വർഷത്തെ ക്യാമ്പ് ജൂലായ് 14, 15, 20 & 21 തീയതികളിൽ ആണ് നടക്കുന്നത് . ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ആയി 150 ൽ അധികം കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്
ജൂലൈ 14 ന് രാവിലെ 9 ന് ക്യാമ്പ് ഡയറക്റ്റർ സുനിൽ കുന്നിരു ക്യാമ്പ് ഉൽഘാടനം ചെയ്തു . കൺവീനർ സന്തോഷ്കുമാർ അദ്ധ്യക്ഷനായി. ബാലവിഭാഗം ജോയിൻ സെക്രടറി റിയാസ് സ്വാഗതം പറഞ്ഞു.
കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിലും സാമൂഹ്യ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക, വായന – എഴുത്ത് – ചിത്രം – നാടകം – സംഗീതം – സിനിമ തുടങ്ങിയ സർഗ്ഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക ഇങ്ങനെ വിനോദ- വിജ്ഞാനപ്രദമായാണ് ക്യാമ്പിന്റെ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ് നടക്കുക. ക്യാമ്പിന്റെ പ്രവേശനം തികച്ചും സൗജന്യമാണ് .
നാടക പ്രവർത്തകനായ പത്മനാഭൻ തലോറ, കേരളാ വിഭാഗം ജോയിൻ കൺവീനർ വിജയൻ കെ.വി, ട്രഷറർ അംബുജാക്ഷൻ എന്നിവർ സംസാരിച്ചു. കേരള വിഭാഗം മാനേജ്മെന്റ് കമ്മറ്റി അംഗം സന്തോഷ് എരിഞ്ഞേരി നന്ദിപറഞ്ഞു.