മസ്കത്ത് > ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തകമേളയായ ലോഗോസ് ഹോപ്പ് ഒമാനിൽ നങ്കൂരമിട്ടു. ജൂലായ് 24 വരെ കപ്പൽ മസ്ക്കറ്റിലെ സുൽത്താൻ കാബൂസ് തുറമുഖത്തുണ്ടാകും. വ്യാഴാഴ്ച മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. അന്നേ ദിവസം കപ്പലിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അവധി ദിനമായ വെള്ളിയാഴ്ച നൂറുകണക്കിന് പുസ്തക പ്രേമികളാണ് കാബൂസ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലേക്ക് എത്തിയത്.
കപ്പലിൽ എത്തിയവരിൽ നിന്ന് മികച്ച പ്രതികരണമാണ് മേളയ്ക്ക് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കപ്പൽ സന്ദർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തകമേളയായ ലോഗോസ് ഹോപ്പ് കപ്പലാണ് മസ്കറ്റിലെ സുൽത്താൻ കാബൂസ് തുറമുഖത്ത് നങ്കൂരമിട്ടത്. 2011 ജനുവരിയിൽ ആണ് കപ്പൽ ഒമാനിൽ ആദ്യ സന്ദർശനം നടത്തിയത്.
അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ ജർമനിയിലെ ഗുഡ് ബുക്സ് ഫോർ ഓൾ ആണ് പുസ്തകമേളയുടെ സംഘാടകർ. രണ്ടാഴ്ചയോളം ഇവിടെ തുടരുന്ന കപ്പലിൽ ഓരോ ദിവസവും ആയിരക്കണക്കിന് പേർക്കു സന്ദർശിക്കാൻ അവസരം നൽക്കുന്നുണ്ട്. വൈകുന്നേരം നാലുമണിമുതൽ രാതി പത്തുമണിവരെ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും. 12 വയസിനു താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. കപ്പലിലേക്ക് പോകുന്നവർക്ക് ഇന്ത്യൻ സ്കൂൾ ജിബ്രുവിലെ പാർക്കിങ്ങിൽ ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ പുസ്തകങ്ങൾ, അക്കാദമിക് ഗ്രന്ഥങ്ങൾ, നിഘണ്ടുക്കൾ, അറ്റ്ലസുകൾ എന്നിവയ്ക്കൊപ്പം ശാസ്ത്രം, സ്പോർട്സ്, പാചകം, കല, വൈദ്യം, ഭാഷകൾ, വിശ്വാസം എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലും വിഷയങ്ങളിലും ആയിരക്കണക്കിന് പുസ്തകങ്ങൾ കപ്പലിൽ ലഭ്യമാണ്. 150-ലധികം രാജ്യങ്ങളിലായി 480 വ്യത്യസ്ത തുറമുഖങ്ങൾ സന്ദർശിച്ചാണ് കപ്പൽ യാത്ര തുടരുന്നത്. ഒമാൻ സന്ദർശിക്കുന്ന സംഘത്തിൽ 65 ലധികം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 350 ഓളം സന്നദ്ധപ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട്. മസ്കത്ത് തുറമുഖത്തു നിന്ന് ജൂലൈ ഇരുപത്തി അഞ്ചിന് സലാല തുറമുഖത്തേക്ക് പുറപ്പെടും. 27 ന് സലാലയിൽ പുസ്തക പ്രകാശനം ആരംഭിച്ച് ഓഗസ്റ്റ് നാല് വരെ തുടരും.