ലണ്ടൻ
കുട്ടിക്കാലത്ത് ലൈംഗികചൂഷണത്തിന് ഇരയായെന്ന് ഇംഗ്ലീഷ് ഫുട്ബോളർ ഡെലെ അലി. ആറാംവയസ്സിൽ അമ്മയുടെ സുഹൃത്തിനാലാണ് ലൈംഗികമായി ഉപയോഗിക്കപ്പെട്ടത്. ഏഴാംവയസ്സിൽ പുകവലി ആരംഭിച്ചെന്നും പിന്നാലെ മയക്കുമരുന്ന് ഉപയോഗിച്ചതായും ഇരുപത്തേഴുകാരൻ വെളിപ്പെടുത്തി. ഇംഗ്ലീഷ് മുൻ താരം ഗാരി നെവില്ലെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മധ്യനിരക്കാരൻ മനസ്സ് തുറന്നത്.
‘ഇന്നും ആ കാലം വേട്ടയാടുന്നുണ്ട്. പലപ്പോഴും കളി മതിയാക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ സീസൺ അവസാനം വിഷാദത്തിന് ചികിത്സയിലായിരുന്നു. മരുന്നുപയോഗിക്കാതെ ഉറങ്ങാനാകുമായിരുന്നില്ല’–-അലി പറഞ്ഞു.
ഇംഗ്ലണ്ട് ഫുട്ബോളിലെ ഭാവിവാഗ്ദാനം എന്നറിയപ്പെട്ട് അരങ്ങേറിയ അലി മങ്ങിയ പ്രകടനമാണ് നടത്തുന്നത്. 19–-ാംവയസ്സിൽ ഇംഗ്ലണ്ടിനായി അരങ്ങേറി. 2019 വരെ 37 കളിയിലിറങ്ങി. ടോട്ടനം ഹോട്സപറിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നിലവിൽ എവർട്ടൺ താരമാണ്. കഴിഞ്ഞ സീസണിൽ തുർക്കി ക്ലബ് ബെസിത്കാസിനായി വായ്പാടിസ്ഥാനത്തിലും കളിച്ചു.