കോഴിക്കോട്
മനുഷ്യരായി ജീവിക്കാൻ കഴിയുന്ന ഇടമായി ഈ നാട് തുടരണമെന്നതാണ് ഇന്ന് തന്റെ ഏറ്റവും വലിയ പ്രാർഥനയും ആഗ്രഹവുമെന്ന് എം ടി വാസുദേവൻ നായർ പറഞ്ഞു. മനുഷ്യർക്ക് ജീവിക്കാനുള്ള സാഹചര്യം ഇവിടെയുണ്ടാവണം. അതാകണം എഴുത്തിന്റെയും എഴുത്തുകാരുടെയും ലക്ഷ്യം. സ്വൈരമായും സ്വസ്ഥമായും മനുഷ്യരായി ജീവിക്കാനുള്ള ഒരു നാടുണ്ടാവുക എന്നത് വളരെ പ്രധാനമാണ്. അതിവിടെ പുലരും, മോശം അവസ്ഥകൾ നാം അതിജീവിക്കും എന്ന ശുഭപ്രതീക്ഷയാണുള്ളത് –- ശനിയാഴ്ച തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന എം ടി ‘ദേശാഭിമാനി’യോട് പറഞ്ഞു.
‘‘പൊതുവേ മോശമായ അന്തരീക്ഷമാണ് ഇന്നുള്ളത്. എങ്ങോട്ടാണ് നമ്മൾ പോകുന്നതെന്ന് വല്ലാത്ത ആധിയുണ്ട്. ഇന്ത്യയുടെതന്നെ ചില ഭാഗങ്ങളിൽനിന്ന് എന്തൊക്കെ അപകടവാർത്തകളാണ് കേൾക്കുന്നത്. നാസി വാഴ്ചക്കാലത്ത് എത്രയോ എഴുത്തുകാർ ജർമനി വിട്ടുപോയി. ജീവിക്കാൻ ധൈര്യമില്ലാതെ നാടുവിടുകയായിരുന്നു. നമുക്ക് ആ ആവസ്ഥ വരില്ലെന്ന് പറയാതിരിക്കാൻ ഞാൻ ആളല്ല. മനുഷ്യന് ജീവിക്കാൻ അസഹ്യമായ അത്തരം അവസ്ഥ വരാതിരി ക്കട്ടെ.
നവതിയിലും
എഴുത്തിന്റെ
പണിപ്പുരയിൽ
മനസ്സിൽ ഇപ്പോഴും കഥയും നോവലുമുണ്ട്. ചെയ്യാനുള്ള ചില പണികൾ മനസ്സിലുണ്ട്. ചില രൂപങ്ങൾ എഴുതിത്തുടങ്ങി. മൂന്നുനാലുമാസംകൊണ്ട് തീർക്കാം. അത് പൂർത്തിയാക്കാൻ കാലവും സമയവും ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിൽ ഈ കാലമുണ്ടാകും. മാരകരോഗങ്ങൾ, കാലാവസ്ഥ ഇങ്ങനെയൊക്കെയുള്ള ചുറ്റുപാടിൽ സ്വസ്ഥത കിട്ടുന്നില്ല. അതിൽനിന്ന് മോചനമുണ്ടായാലേ സ്വൈരമായിരുന്ന് എഴുതാനാകൂ. അങ്ങനെ വിട്ടുകളയാനുള്ളതല്ല എഴുത്ത്. അവനവന് ചില വിശ്വാസം, ആവശ്യങ്ങൾ… അതിനുവേണ്ടിയാണ് എഴുത്തുകാരൻ എഴുതുന്നത്. അത് ആരെയെങ്കിലും ബോധ്യപ്പെടുത്താനല്ല.
കേരളത്തിൽ പഴയപോലെ പട്ടിണിയില്ല. എന്നാൽ നമുക്ക് മേൽപ്പുര വേണം. ചെലവ് കുറഞ്ഞ ചികിത്സാസൗകര്യം വേണം. ഓരോന്നിനും കേന്ദ്രത്തിനോട് ചോദിച്ച് കുറേശെ കിട്ടുന്ന അവസ്ഥ പാടില്ല. നമുക്ക് ജീവിക്കാനുള്ള സൗകര്യം, അവസ്ഥ വരണം. ഈ പത്രങ്ങളൊക്കെ മറച്ചുവയ്ക്കുമ്പോഴും അതിലേക്കാണ് നമ്മുടെ നോട്ടം. കേരളമെന്തായാലും ജീവിക്കാൻ പറ്റുന്ന ഇടമായി തുടരുമെന്നാണ് വിശ്വാസം’’–- തൊണ്ണൂറിലും തളരാത്ത ആത്മവിശ്വാസത്തോടെ എം ടി പറഞ്ഞു.