ന്യൂഡൽഹി
എൻസിപി പിളർത്തിയെത്തി ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ധന, ആസൂത്രണ വകുപ്പുകൾ. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷത്തിന്റെ ശക്തമായ എതിർപ്പ് തള്ളിയാണ് ബിജെപി പിന്തുണയോടെ അജിത് പവാർ ധനവകുപ്പ് ഉറപ്പിച്ചത്. ഭക്ഷ്യം, കൃഷി, സഹകരണം എന്നീ നിർണായ വകുപ്പുകളും അജിത് പവാർ പക്ഷം പിടിച്ചെടുത്തു. ഗവർണര് വിജ്ഞാപനമിറങ്ങി മിനിറ്റുകൾക്കകം അജിത് പവാർ ചുമതലയേറ്റു. പവാർപക്ഷത്തിനുകിട്ടിയ ധനമടക്കം ആറു വകുപ്പ് ബിജെപിയുടെയും നാലണ്ണം ഷിൻഡെ പക്ഷത്തിന്റെയുമാണ്.
തങ്ങളുടെ മണ്ഡലത്തിലെ പദ്ധതികൾക്ക് പണം നൽകാതെ സ്വന്തം എംഎൽഎമാർക്ക് അജിത് പവാർ പണം നൽകുമെന്ന് ഷിൻഡെ പക്ഷം ആരോപിക്കുന്നു. അങ്ങനെ സംഭവിക്കില്ലെന്ന ഉറപ്പ് നൽകിയാണ് ബിജെപി കേന്ദ്രനേതൃത്വം നിർണായക വകുപ്പുകൾ അജിത് പവാറിന് നൽകിയത്. 40 എംഎൽഎമാരുമായി വന്ന തങ്ങൾക്കും കേവലം ഒമ്പതുപേരുമായി എത്തിയ അജിത് പവാറിനും ഒമ്പത് മന്ത്രിമാരെ നൽകിയത് ന്യായമല്ലെന്ന നിലപാടിലാണ് ഷിൻഡെ പക്ഷ എംഎൽഎമാർ. നിലവിൽ 29 മന്ത്രിമാരാണ് മഹാരാഷ്ട്രയിൽ ഉള്ളത്. പരമാവധി 43 പേർ വരെയാകാം.