കൊച്ചി
മലയാളി മധ്യനിരക്കാരനും സൂപ്പർ താരവുമായ സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. മോഹൻ ബഗാൻ സൂപ്പർ ജയന്റാണ് പുതിയ തട്ടകം. ഐഎസ്എൽ ഫുട്ബോൾ ചാമ്പ്യൻമാരുമായി അഞ്ചുവർഷത്തേക്കാണ് ഇരുപത്താറുകാരൻ കരാറിൽ എത്തിയത്. ഒരുവർഷം രണ്ടരക്കോടി രൂപയോളമാണ് കൊൽക്കത്തക്കാർ സഹലിന് പ്രതിഫലമായി നൽകുന്നത്. കൂടാതെ വിടുതൽ തുകയായി 90 ലക്ഷം രൂപ ബ്ലാസ്റ്റേഴ്സിനും നൽകി. 2025 വരെ കണ്ണൂരുകാരന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടായിരുന്നു. സഹലിനെ കൈമാറുന്നതിനുപകരമായാണ് ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടത്. ഇത് കൊൽക്കത്തൻ ക്ലബ് അംഗീകരിച്ചു. ഇന്ത്യൻ ഫുട്ബോളിലെ മികച്ച പ്രതിരോധക്കാരനാണ് കോട്ടാൽ. മൂന്നുവർഷത്തേക്കാണ് ബംഗാളുകാരൻ മഞ്ഞപ്പടയിൽ എത്തിയത്.
ബ്ലാസ്റ്റേഴ്സിന്റെ മലയാളിമുഖമാണ് സഹൽ. 2017 മുതൽ ടീമിലുണ്ട്. ബ്ലാസ്റ്റേഴ്സ് കുപ്പായത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയ താരമാണ്. 97 കളി. ആകെ 10 ഗോളും ഒമ്പത് ഗോളവസരങ്ങളും ഒരുക്കി. 2019ൽ ഐഎസ്എല്ലിലെ മികച്ച ഭാവിതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. 2019 മുതൽ ഇന്ത്യൻ ടീമിലുണ്ട്. ഇതുവരെയും 30 കളിയിലിറങ്ങി. ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും ഇന്ത്യയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായകപ്രകടനമായിരുന്നു ഇരുപത്താറുകാരന്റേത്.
ബഗാന്റെ തുരുപ്പുചീട്ടായിരുന്നു കോട്ടാൽ. ടീമിനൊപ്പം മൂന്നുതവണ ഐഎസ്എൽ കപ്പുയർത്തി. ക്യാപ്റ്റനുമാണ്. ഇന്ത്യൻ ആരോസ്, പുണെ സിറ്റി, ഡൽഹി ഡൈനാമോസ് ക്ലബ്ബുകൾക്കായും പ്രതിരോധം കാത്തു. വലതുമൂലയിലും പ്രതിരോധഹൃദയത്തിലും ഒരുപോലെ മിന്നും. മികച്ച നേതൃപാടവവും ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും. 52 തവണ ഇന്ത്യൻ കുപ്പായമിട്ടിട്ടുണ്ട് ഇരുപത്തൊമ്പതുകാരൻ.