ഐസ്വാൾ
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വേട്ടയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മിസോറമിലെ ബിജെപി വൈസ് പ്രസിഡന്റ് ആര് വന്റാംചുവാംഗ പാര്ടിസ്ഥാനം രാജിവച്ചു. കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെയാണ് മണിപ്പുരിൽ ക്രിസ്ത്യൻ പള്ളികൾ തകർത്തതെന്ന് രാജിക്കത്തില് അദ്ദേഹം തുറന്നടിച്ചു.
ക്രൈസ്തവർക്കും ക്രിസ്തു മതത്തിനുമെതിരെ നടമാടുന്നത് അനീതിയാണ്. ഇതിനോടുള്ള പ്രതിഷേധമാണ് രാജി. മണിപ്പുരിൽ വംശീയ കലാപത്തിൽ 357 ക്രിസ്ത്യൻ പള്ളികളും പാസ്റ്റർ ക്വാർട്ടേഴ്സുകളും വിവിധ പള്ളികളുടെ ഓഫീസ് കെട്ടിടങ്ങളും മെയ്ത്തീ തീവ്രവാദികൾ കത്തിച്ചു. ഈ ആക്രമണങ്ങളെ മുഖ്യമന്ത്രി ബിരേൻ സിങ്ങോ ഇംഫാലിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ അപലപിക്കാൻ തയ്യാറായില്ല. ക്രിസ്ത്യൻ പള്ളികൾ കത്തിച്ചതിനെ ഒരു വാക്കുകൊണ്ടുപോലും തള്ളിപറഞ്ഞില്ല. കേന്ദ്ര–- സംസ്ഥാന അധികൃതരുടെ പിന്തുണയോടെയാണ് വ്യാപകമായി ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെട്ടെന്നും വന്റാംചുവാംഗ പറഞ്ഞു.