തിരുവനന്തപുരം
ചന്ദ്രനിലേക്കുള്ള ഐഎസ്ആർഒയുടെ മൂന്നാം യാത്രയ്ക്ക് തുടക്കം. ഇനി ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പ്. ശ്രീഹരിക്കോട്ട സതീഷ്ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് വെള്ളിയാഴ്ച ചാന്ദ്രയാൻ 3 കുതിച്ചുയർന്നു. വിക്ഷേപണത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിൽ പേടകം ഭൂമിക്കു ചുറ്റുമുള്ള താൽക്കാലിക ഭ്രമണപഥത്തിൽ വിജയകരമായി എത്തി. വരുംദിവസങ്ങളിൽ ഭ്രമണപഥം ഘട്ടം ഘട്ടമായി ഉയർത്തി പേടകത്തെ ചന്ദ്രനിലേക്ക് തൊടുത്തുവിടും. രണ്ടാംവിക്ഷേപണത്തറയിൽനിന്ന് പകൽ 2.35നാണ് എൽവിഎം3 എം4 റോക്കറ്റ് പേടകവുമായി കുതിച്ചത്. 26 മണിക്കൂർ നീണ്ട കൗണ്ട്ഡൗണിനു പിന്നാലെയായിരുന്നു ഇത്.
ഖര, ദ്രവ എൻജിനുകളുടെ ജ്വലനത്തിൽ റോക്കറ്റ് ആദ്യം 114 കിലോമീറ്റർ താണ്ടി. തുടർന്ന് സങ്കീർണമായ ക്രയോഎൻജിന്റെ കരുത്തിൽ നിശ്ചിത ഭ്രമണപഥത്തിലേക്കും. 170– -35,000 കിലോമീറ്ററിലുള്ള ദീർഘ വൃത്താകൃതിയിലുള്ള പഥത്തിൽ പേടകം ഭൂമിയെ ഭ്രമണം ചെയ്യുകയാണിപ്പോൾ. രണ്ടു ദിവസത്തിനുള്ളിൽ ആദ്യ പാത തിരുത്തൽ പ്രക്രിയ നടക്കും. പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചായിരിക്കുമിത്. ബംഗളൂരുവിലെ ട്രാക്കിങ് സ്റ്റേഷൻ നൽകുന്ന കമാൻഡ് സ്വീകരിച്ചാണ് ജ്വലനം നടക്കുക. അഞ്ചു ഘട്ടമായി പഥം ഇത്തരത്തിൽ ഉയർത്തും. ഒരാഴ്ചയ്ക്കുശേഷം പേടകം ഭൂമിയുടെ ആകർഷണവലയം ഭേദിച്ച് നേരിട്ട് ചന്ദ്രനിലേക്ക് യാത്രയാകും. ആഗസ്ത് ആദ്യം ചന്ദ്രന്റെ ആകർഷണവലയത്തിൽ എത്തുന്ന പേടകത്തെ പടിപടിയായി പഥം താഴ്ത്തും. ചന്ദ്രന്റെ നൂറുകിലോമീറ്റർ അടുത്ത് ലാൻഡറിനെ എത്തിച്ചശേഷം പ്രൊപ്പൽഷൻ മോഡ്യൂൾ വേർപെടും. ലാൻഡറും റോവറും അടങ്ങുന്ന പേടകത്തിന്റെ പിന്നീടുള്ള യാത്ര പൂർണമായും സ്വയം നിയന്ത്രിത സംവിധാനം ഉപയോഗിച്ചാകും.
സെൻസറുകൾ, കാമറകൾ എന്നിവയുടെ സഹായത്തോടെ വിശകലനം ചെയ്ത് സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിനുള്ള സ്ഥലം തെരഞ്ഞെടുക്കും. ആഗസ്ത് 23ന് വെെകിട്ട് 50 കിലോമീറ്റർ അടുത്തേക്ക് എത്തും. തുടർന്ന് സെക്കൻഡിൽ രണ്ടു മീറ്റർ വേഗത്തിൽ ചാന്ദ്രപ്രതലത്തിലേക്ക് ഇറങ്ങും. ദക്ഷിണ ധ്രുവത്തിലെ മൻസിനസ്, -ബോഗസ്ലോവസ്കി എന്നീ ഗർത്തങ്ങൾക്കു മധ്യേയുള്ള സമതല ഭാഗത്താകുമിത്. ഇറക്കത്തിന്റെ ആഘാതത്തിൽ ഉയരുന്ന പൊടിപടലം ശമിച്ചശേഷം ലാൻഡറിൽനിന്ന് റോവർ പുറത്തിറങ്ങി പര്യവേക്ഷണം ആരംഭിക്കും. ലാൻഡറിലും റോവറിലുമായി ആറ് പരീക്ഷണ ഉപകരണമുണ്ട്. അന്തരീക്ഷം, ജലസാന്നിധ്യം, മണ്ണിന്റെ ഘടന, രാസപ്രവർത്തനങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് അയക്കും. 14 ദിവസമാണ് പ്രവർത്തന കാലാവധി. വിജയകരമായാൽ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമാകും ഇന്ത്യ. 2019ൽ ചാന്ദ്രയാൻ 2 സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടിരുന്നു.
ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണിക്കൃഷ്ണൻ നായർ, എൽപിഎസ്സി ഡയറക്ടർ ഡോ. വി നാരായണൻ, മിഷൻ ഡയറക്ടർ എസ് മോഹൻകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ് സന്നിഹിതനായിരുന്നു. ശാസ്ത്രജ്ഞരെ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു.
ചരിത്രദൗത്യത്തിൽ കേരളത്തിന്റെ കൈയൊപ്പും
രാജ്യത്തിന്റെ സ്വപ്നദൗത്യം ചാന്ദ്രയാൻ മൂന്നിൽ കൈയൊപ്പ് ചാർത്തി കേരളവും. വ്യവസായവകുപ്പിനു കീഴിലുള്ള മൂന്ന് പൊതുമേഖലാ സ്ഥാപനം ചാന്ദ്രയാൻ മൂന്നിലേക്കുള്ള വിവിധ ഉൽപ്പന്നങ്ങൾ നിർമിച്ചു. കെൽട്രോൺ, കെഎംഎംഎൽ, എസ്ഐഎഫ്എൽ എന്നീ സ്ഥാപനങ്ങളാണ് പദ്ധതിയുടെ ഭാഗമായത്.
41 ഇലക്ട്രോണിക്സ് മൊഡ്യൂൾ പാക്കേജുകൾ ഉൾപ്പെടയുള്ളവ കെൽട്രോൺ നിർമിച്ച് നൽകിയപ്പോൾ കെഎംഎംഎല്ലിൽനിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണന്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റീൽ ആൻഡ് ഫോർജിങ്സ് ലിമിറ്റഡിൽനിന്നുള്ള ടൈറ്റാനിയം അലുമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമിച്ചുനൽകി.
എൽവിഎം 3യിലെ ഇന്റർഫേസ് പാക്കേജുകൾ, ഏവിയോണിക്സ് പാക്കേജുകൾ, പവർ മോഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവ നൽകിയതും കെൽട്രോണാണ്. തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ്, മൺവിളയിലുള്ള കെൽട്രോൺ കമ്യൂണിക്കേഷൻ കോംപ്ലക്സ്, ബാംഗ്ലൂർ മാർക്കറ്റിങ് ഓഫീസ് തുടങ്ങിയവയാണ് ഇതിനു പിന്നിൽ. ഗഗൻയാൻ ഉൾപ്പെടെ ഐഎസ്ആർഒയുടെ വരാനിരിക്കുന്ന വമ്പൻ പദ്ധതികൾക്കായെല്ലാം ഇലക്ട്രോണിക് മൊഡ്യൂളുകൾ കെൽട്രോൺ നിർമിക്കുന്നുണ്ട്.