ചുരാചന്ദ്പ്പുർ
താഴ്വരയിലെ ഇംഫാൽ നഗരത്തിന്റെ സമൃദ്ധി മലമുകളിലെ ചുരാചന്ദ്പ്പുരിൽ പ്രകടമല്ല. റോഡുകളും കെട്ടിടങ്ങളും പോലുള്ള പശ്ചാത്തല സൗകര്യങ്ങളിലടക്കം പിന്നാക്കാവസ്ഥ പ്രകടം. തെരുവുകളിൽ കൂടുതലും വഴിയോരക്കച്ചവടക്കാർ. ഏറെയും സ്ത്രീകൾ. കലാപത്തിന്റെ കാലുഷ്യത്തിൽനിന്ന് ചുരാചന്ദ്പ്പുർ സാവധാനം ഉണർന്നുവരുന്നതേയുള്ളൂ.
ഇംഫാലിൽനിന്ന് എത്തുന്ന ദേശീയപാതയോട് ചേർന്നുതന്നെ കലാപത്തിൽ കൊല്ലപ്പെട്ട കുക്കികളോടുള്ള ഓർമയ്ക്കായി മുളകൾകൊണ്ട് കെട്ടിയെടുത്ത പ്രത്യേക സ്മൃതികൂടീരമുണ്ട്. കുടീരത്തിനു മുകളിലെ ബാനറിൽ ‘ഓർമയുടെ ഭിത്തി’ എന്ന് എഴുതിയിട്ടുണ്ട്. 112 കുക്കികളാണ് കൊല്ലപ്പെട്ടത്. എല്ലാവരുടെയും പേരുകൾ അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടുമാസംമാത്രം പ്രായമുള്ള ഇസാഖിന്റെയും 88 വയസ്സുള്ള ലുങ്ഹൊലാലിന്റെയും ചിത്രംവരെ അക്കൂട്ടത്തിലുണ്ട്. അവിടെ ആദരം അർപ്പിക്കാൻ നിരവധി പേർ എത്തുന്നു. സ്മൃതികുടീരത്തോട് ചേർന്നുതന്നെ റോഡരികിൽ ശവപ്പെട്ടികളുടെ മാതൃകകൾ നിരനിരയായി വച്ചിരിക്കുന്നു.
മെയ്ത്തീ വിഭാഗത്തോടുള്ള അമർഷം നഗരത്തിലെങ്ങും പ്രകടനം. ‘വേണ്ടത് പ്രത്യേക സംസ്ഥാനം’ എന്നെഴുതിയ പോസ്റ്ററുകൾ വ്യാപകമായി പതിച്ചിട്ടുണ്ട്. മണിപ്പുർ സർക്കാർ എന്നെഴുതിയിട്ടുള്ള ബോർഡുകളെല്ലാം പെയിന്റടിച്ച് മായ്ച്ചിരിക്കുന്നു. ചുരാചന്ദ്പ്പുർ എന്ന പേരിനോടും കുക്കികൾക്ക് വെറുപ്പാണ്. ചുരാചന്ദ് മെയ്ത്തീ രാജാവായിരുന്നു. ബ്രിട്ടീഷുകാരാണ് അദ്ദേഹത്തിന്റെ പേര് നഗരത്തിനു നൽകിയത്. ലാമ്ക എന്നാണ് നഗരത്തിന്റെ യഥാർഥ പേരെന്ന് കുക്കി സംഘടനകൾ അവകാശപ്പെടുന്നു. ചുരാചന്ദ്പ്പുർ എന്ന എഴുത്തെല്ലാം മായ്ച്ച് പകരം ലാമ്ക എന്നാക്കി.
ചുരാചന്ദ്പ്പുരിൽ കഴിഞ്ഞിരുന്ന മെയ്ത്തീകളുടെ വീടുകളും കടകളും മറ്റും കത്തിയമർന്ന നിലയിലാണ്. സമീപ ഗ്രാമങ്ങളിൽനിന്നുമായി 10,000 മെയ്ത്തീകൾ പലായനം ചെയ്തു. ഇവർ ബിഷ്ണുപ്പുരിലും മൊയ്രാങ്ങിലും ഇംഫാലിലും മറ്റുമായി അഭയാർഥി ക്യാമ്പുകളിലുണ്ട്. പന്ത്രണ്ടായിരത്തിലേറെ കുക്കികൾ കലാപത്തെ തുടർന്ന് താഴ്വര ഉപേക്ഷിച്ച് ചുരാചന്ദ്പ്പുരിലുമെത്തി.