ബാങ്കോക്
ഷോട്പുട്ടിൽ വീണ്ടും തജീന്ദർ വിസ്മയം. ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഷോട്പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിങ് ടൂർ സ്വർണം നിലനിർത്തി. 20.23 മീറ്ററാണ് എറിഞ്ഞ ദൂരം. രണ്ടാമത്തെ ഏറിലാണ് ഈ ദൂരം മറികടന്നത്. അതിനിടെ പരിക്കേറ്റ പഞ്ചാബുകാരൻ പിന്നീട് എറിഞ്ഞില്ല. കഴിഞ്ഞതവണ 20.22 മീറ്റർ എറിഞ്ഞായിരുന്നു സ്വർണം. ഷോട്പുട്ടിൽ സ്വർണം നിലനിർത്തുന്ന മൂന്നാമത്തെ താരമാണ് ഇരുപത്തെട്ടുകാരൻ.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഉത്തർപ്രദേശിലെ മീററ്റിൽനിന്നുള്ള പാരുൾ ചൗധരി ഒമ്പത് മിനിറ്റും 38.76 സെക്കൻഡുമെടുത്ത് ഒന്നാമതെത്തി. ഇന്ത്യയുടെ പ്രീതി നാലാമതായി. വനിതാ ലോങ്ജമ്പിൽ സ്വർണം പ്രതീക്ഷിച്ച ഇന്ത്യക്ക് തിരിച്ചടികിട്ടി. ഉത്തർപ്രദേശുകാരി ശൈലി സിങ് 6.54 മീറ്റർ ചാടി വെള്ളിയിൽ ഒതുങ്ങി. ജപ്പാന്റെ സുമിരി ഹത 6.97 മീറ്ററാണ് സ്വർണത്തിനായി താണ്ടിയത്. കേരളത്തിന്റെ ആൻസി സോജൻ 6.41 മീറ്ററോടെ നാലാമതായി. പത്തൊമ്പതുകാരിയായ ശൈലി ബംഗളൂരുവിൽ അഞ്ജു ബോബി ജോർജ് ഹൈ പെർഫോമൻസ് സെന്ററിൽ റോബർട്ട് ബോബി ജോർജിന് കീഴിലാണ് പരിശീലനം. ശൈലിയുടെ മികച്ച ദൂരം 6.76 മീറ്ററാണ്. ഈയിനത്തിൽ അഞ്ജു സ്ഥാപിച്ച ദേശീയ റെക്കോഡ് 6.83 മീറ്റർ.
പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ജപ്പാന്റെ റിയോഗമ അവോകി സ്വർണം നേടി. ഇന്ത്യയുടെ ബാൽ കിഷൻ നാലാമതായി. 110 മീറ്റർ ഹർഡിൽസിൽ ജപ്പാന്റെ ഷുനിയ തകയാമക്കാണ് (13.29) സ്വർണം.
വനിതകളുടെ ഡിസ്കസ്ത്രോയിൽ ചൈനയുടെ ഫെങ് ബിൻ 66.42 മീറ്റർ എറിഞ്ഞ് മീറ്റ് റെക്കോഡിട്ടു. 100 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി ജപ്പാന്റെ ഹിരോകി യനാഗിറ്റയും (10.02 സെക്കൻഡ്) സിംഗപ്പൂരിന്റെ ശാന്തി പെരേരയും (11.20) ഏഷ്യയിലെ വേഗക്കാരായി. ചാമ്പ്യൻഷിപ് നാളെ അവസാനിക്കാനിരിക്കെ ജപ്പാൻ 11 സ്വർണമടക്കം 24 മെഡലുമായി മുന്നിലാണ്. ചൈനയ്ക്ക് അഞ്ച് സ്വർണമടക്കം 15 മെഡൽ. ഇന്ത്യക്ക് അഞ്ച് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്.