ന്യൂഡൽഹി
യമുന കരകവിഞ്ഞതോടെ പ്രളയജലത്തിൽ വലഞ്ഞ് ഡൽഹി. സുപ്രീംകോടതി കവാടംവരെ വെള്ളമെത്തി. ഗാന്ധി സമാധിസ്ഥലമായ രാജ്ഘട്ടിന്റെ പ്രവേശനകവാടം മൂക്കാൽഭാഗവും മുങ്ങി. നഗരത്തിലെ ഏറ്റവും വലിയ ശ്മശാനമായ നിഗംബോധ് ഘട്ടടക്കം മൂന്ന് വലിയ ശ്മശാനം അടച്ചു. നഗരത്തിലെ 23 ശ്മശാനത്തിന്റെ പ്രവർത്തനം മുടങ്ങുമെന്ന ആശങ്ക ഉയരുന്നു.
വടക്കുപടിഞ്ഞാറൻ ജില്ലയിലെ മുകുന്ദ്പുരിൽ വെള്ളക്കെട്ടില് നീന്താനിറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. മുകുന്ദ്പുർ ചൗക്ക് മെട്രോ സ്റ്റേഷൻ നിർമാണം നടക്കുന്നിടത്ത് വെള്ളി വൈകിട്ടാണ് അപകടം. യമുനാ തീരത്തുനിന്ന് കാൽലക്ഷത്തോളംപേരെ മാറ്റിപാര്പ്പിച്ചു.
ഡൽഹിയിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ ഐടിഒ മുങ്ങി. വെള്ളക്കെട്ടിനു കാരണമായ വികാസ് ഭവനു സമീപമുള്ള റെഗുലേറ്ററിന്റെ പ്രശ്നം പരിഹരിക്കാന് സൈന്യം എത്തി. ചെങ്കോട്ട, കശ്മീരി ഗേറ്റ്, മുഖ്യമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന സിവിൽ ലൈൻസ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് തുടരുന്നു. നഗരത്തില്‍ കുടിവെള്ള വിതരണത്തിന്റെ 25 ശതമാനം തടസ്സപ്പെട്ടിരിക്കുകയാണ്.
യമുനയിൽ ജലനിരപ്പ് കഴിഞ്ഞദിവസത്തേക്കാള് കുറവ് രേഖപ്പെടുത്തി. ഹരിയാനയിലെ ഹാഥ്നിക്കുണ്ഡ് ഡാമിൽനിന്ന് ജലമൊഴുക്കുന്നതാണ് ഡൽഹിയിലെ പ്രളയത്തിന് കാരണമെന്ന് എഎപി ആരോപിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഇക്കാര്യം തള്ളി.