ന്യൂഡൽഹി
യമുന കരകവിഞ്ഞതോടെ പ്രളയജലം ഒഴുകി സ്തംഭിച്ച് ഡൽഹി. 60 വർഷത്തെ ഉയർന്നനിലയും കടന്ന് യമുനയിലെ ജലനിരപ്പ് 208.66 മീറ്ററിലെത്തിയെന്ന് കേന്ദ്ര ജല കമീഷൻ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും മുങ്ങിയതോടെ ഇരുപതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാത്ത താൽക്കാലിക ഷെഡുകളിലേക്കാണ് ആളുകളെ മാറ്റിയത്. റോഡുകൾ പലതും മുങ്ങിയതോടെ ഗതാഗത തടസ്സം രൂക്ഷമായി. ചെങ്കോട്ടയുടെ ചുറ്റുവട്ടത്ത് അരയ്ക്കൊപ്പം വെള്ളമെത്തി. ഇതോടെ ചെങ്കോട്ടസന്ദർശനം ഒഴിവാക്കിയതായി ആർക്കിയോളജിവകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സിവിൽ ലെയ്നിലെ വസതിക്കു മീറ്ററുകൾക്ക് അടുത്തുവരെ പ്രളയജലമെത്തി. അതീഷിയടക്കമുള്ള മന്ത്രിമാരുടെ വീട്ടിലും വെള്ളം കയറി. ഡല്ഹി സ്തംഭിച്ചതോടെ ഒറ്റദിവസം 200 കോടിയുടെ ബിസിനസ് നഷ്ടമായി.
മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായർവരെ അടച്ചിടാൻ ഡൽഹി സർക്കാർ നിർദേശിച്ചു. അവശ്യസർവീസുകൾ ഒഴികെയുള്ള എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. നഗരത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ ഭാരവാഹനങ്ങൾക്ക് അനുമതിയില്ല. വസീറാബാദ്, ചന്ദ്രവാൽ, ഓഖ്ല ജലശുദ്ധീകരണ പ്ലാന്റുകൾ പ്രളയത്തിൽ മുങ്ങിയതോടെ പമ്പിങ് മുടങ്ങി. ഇതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. ലഫ്. ഗവർണർ വി കെ സക്സേനയുടെ നേതൃത്വത്തിൽ നടന്ന അടിയന്തര യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു. വെള്ളം കയറി മജ്നു കാടില്ല–- രാജ്ഘട്ട് റിങ്റോഡ് അടച്ചതോടെ ഗതാഗതം ദുഷ്കരമായി. യമുന ബാങ്ക് മെട്രോ സ്റ്റേഷൻ അടച്ചിട്ടു.
കശ്മീരി ഗേറ്റിലും ഐടിഒയിലും കനത്ത വെള്ളക്കെട്ടുണ്ട്. കശ്മീരി ഗേറ്റിൽ നിർത്തിയിട്ടിരുന്ന ദീർഘദൂര ബസുകൾ വെള്ളത്തിലായി. സുസ്ത്ര ട്രോമ സെന്ററിൽനിന്ന് ലോക് നായക് ആശുപത്രിയിലേക്ക് രോഗികളെ മാറ്റി. ട്രാക്കുകൾ മുങ്ങിയതോടെ അംബാലയിൽനിന്ന് സഹരൻപുർ, മീററ്റു വഴി ഡൽഹിയിലേക്കുള്ള സർവീസ് നിർത്തി. ഹരിയാനയിലെ ഹാഥ്നിക്കുണ്ഡ് ഡാമിൽനിന്ന് ജലമൊഴുക്കുന്നത് നിയന്ത്രിച്ചതോടെ യമുന ജലത്തിൽ കുറവുണ്ട്. നിയന്ത്രണം അധികനേരം തുടർന്നാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഹരിയാന സർക്കാർ മുന്നറിയിപ്പ് നൽകി.