ന്യൂഡൽഹി
റഫാൽ യുദ്ധവിമാന ഇടപാടിന്റെ ഭാഗമായി അനിൽ അംബാനിയുടെ റിലയൻസ് എയ്റോസ്ട്രക്ചർ ലിമിറ്റഡുമായി സഹകരിച്ച് ആരംഭിച്ച സംയുക്ത സംരംഭത്തിൽനിന്ന് ഫ്രഞ്ച് വിമാനനിർമാണ കമ്പനിയായ ദസോ പിൻവാങ്ങുമെന്ന് റിപ്പോർട്ട്. സംയുക്ത സംരംഭത്തിൽ ആവശ്യമായ മുതൽമുടക്ക് നടത്താൻ അനിൽ അംബാനിയുടെ കമ്പനിക്ക് ശേഷിയില്ലെന്ന കാരണത്താലാണ് പിൻവാങ്ങൽ നീക്കം. അനിൽ അംബാനിയെ ഒഴിവാക്കി മറ്റേതെങ്കിലും ഇന്ത്യൻ കമ്പനിയുമായി സഹകരിക്കാനാണ് ദസോ ആലോചിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ൽ നടത്തിയ ഫ്രഞ്ച് സന്ദർശനത്തിലാണ് 60,000 കോടി രൂപ മുതൽമുടക്കി 36 റഫാൽ യുദ്ധവിമാനം വാങ്ങാൻ ധാരണയായത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡുമായി ചേർന്ന് 126 റഫാൽ യുദ്ധവിമാനം ഇന്ത്യയിൽ നിർമിക്കാനായിരുന്നു കേന്ദ്ര സർക്കാർ ആദ്യം തീരുമാനിച്ചത്. എന്നാൽ, മോദി അധികാരത്തിൽ എത്തിയതിനു പിന്നാലെ എച്ച്എഎല്ലിനെ വെട്ടി പകരം അനിൽ അംബാനിയെ തിരുകിക്കയറ്റി. വിമാനങ്ങളുടെ എണ്ണം 126ൽ നിന്ന് 36 ആയി കുറച്ചു. 2015ലെ ഫ്രാന്‍സ് പര്യടനത്തിൽ അനിൽ അംബാനിയും മോദിക്കൊപ്പമുണ്ടായിരുന്നു.
റഫാലിന് കരാർ ലഭിച്ചതിനു പിന്നിൽ കോടികളുടെ കോഴയിടപാടുണ്ടെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു. വിമാന നിര്‍മാണ രംഗത്ത് മുന്‍പരിചയമില്ലാത്ത റിലയന്‍സിനെ തിരുകികയറ്റിയത് ഇന്ത്യയിലും വന്‍ വിവാദമായിരുന്നു. ഫ്രാൻസിൽ ക്രിമിനൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണവുമായി സഹകരിക്കാൻ കഴിഞ്ഞ ദിവസം ഫ്രഞ്ച് കോടതി കേന്ദ്ര സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.