ന്യൂഡൽഹി
ഈവർഷം ഇതുവരെ ഉത്തർപ്രദേശിൽ ക്രൈസ്തവർക്കുനേരെ നടന്നത് 155 ആക്രമണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. 13 ജില്ലയിലാണ് സ്ഥിതി രൂക്ഷം. രണ്ടാം സ്ഥാനത്തുള്ള ഛത്തീസ്ഗഢിൽ 84 ആക്രമണമാണ് നടന്നത്. 23 സംസ്ഥാനത്തായി ആകെ 400 ആക്രമണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂണിലാണ് ക്രൈസ്തവർ കൂടുതൽ ആക്രമണങ്ങൾക്ക് ഇരയായത്– -88 തവണ.
ജാർഖണ്ഡ് –– 35, ഹരിയാന–- – 32, മധ്യപ്രദേശ് –– 21, പഞ്ചാബ് -–- 12, കർണാടകം -–-10, ബിഹാർ–- -9, ജമ്മുകശ്മീർ–- -8, ഗുജറാത്ത് ––7, ഉത്തരാഖണ്ഡ് ––4, തമിഴ്നാട് ––3, പശ്ചിമ ബംഗാൾ –– 3, ഹിമാചൽ പ്രദേശ് –-3, മഹാരാഷ്ട്ര–- -3, ഒഡിഷ–- – 2, ഡൽഹി-–- 2, ആന്ധ്രപ്രദേശ്, അസം, ചണ്ഡീഗഢ്, ഗോവ – എന്നിവിടങ്ങളിൽ ഓരോ ആക്രമണവും നടന്നു.
ആക്രമണങ്ങൾക്ക് ഇരയാക്കപ്പെട്ടിട്ടും പ്രതികളേക്കാൾ കൂടുതൽ എഫ്ഐആറുകൾ നേരിടുന്നത് ക്രൈസ്തവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കുപ്രസിദ്ധ മതപരിവർത്തന നിയമപ്രകാരം ഇതുവരെ 63 എഫ്ഐആറുകളാണ് ക്രൈസ്തവർക്കെതിരെ രജിസ്റ്റർ ചെയ്തത്. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ട 35 പാസ്റ്റർമാർ ഇപ്പോഴും ജയിലിലാണ്.
രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് നൽകിയ നിരവധി നിവേദനങ്ങൾക്ക് മറുപടി പോലും ലഭിച്ചിട്ടില്ലെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം വ്യക്തമാക്കി.