ന്യൂഡൽഹി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മോദി സമുദായത്തെ മുഴുവൻ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സുപ്രീംകോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്ത് പരാതിക്കാരനായ ബിജെപി നേതാവ്. കേസിന് അടിസ്ഥാനമായ പരാതി നൽകിയ ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് തടസ്സ ഹർജി നൽകിയത്. തന്റെ വാദംകേൾക്കാതെ കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ആവശ്യം.
കേസിൽ വിചാരണക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ രാഹുലിനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടർന്ന് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. കുറ്റക്കാരനെന്ന വിധിയും തടവുശിക്ഷയും സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുൽ സുപ്രീംകോടതിയിൽ ഉടൻ അപ്പീൽ ഫയൽ ചെയ്യുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുർണേഷ് മോദി തടസ്സ ഹർജി നൽകിയത്.
ഗുജറാത്ത് ഹൈക്കോടതി കൈവിട്ട സാഹചര്യത്തിൽ, സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധി ഉണ്ടായാൽ മാത്രമേ രാഹുലിന് എംപി സ്ഥാനം നിലനിർത്താൻ സാധിക്കുകയുള്ളൂ. അതേസമയം, രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.