ന്യൂഡൽഹി
പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലാ അസോ. പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ശരിവച്ച കേരളാ ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധി അഖിലേന്ത്യ അടിസ്ഥാനത്തിൽ ചലനങ്ങൾ ഉണ്ടാക്കുമെന്നും ഉടൻ സ്റ്റേ ചെയ്യണമെന്നുമാണ് യുജിസിയുടെ ആവശ്യം.
യുജിസി ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുള്ള അധ്യാപനപരിചയമെന്ന മാനദണ്ഡത്തിന് പഠനേതര ജോലികൾ പരിഗണിക്കാൻ കഴിയില്ലെന്ന വാദവും യുജിസി ഉന്നയിച്ചു. ഈ വാദങ്ങൾ ഹൈക്കോടതിയിലും യുജിസി ഉന്നയിച്ചിരുന്നെങ്കിലും അതെല്ലാം തള്ളിയാണ് പ്രിയ വർഗീസിന്റെ നിയമനം ശരിവച്ചത്.
ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് തന്റെ വാദങ്ങൾകൂടി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രിയ വർഗീസ് സുപ്രീംകോടതിയിൽ തടസ്സഹർജി നൽകിയിട്ടുണ്ട്.