വിൽനിയസ്
തങ്ങളുടെ നാറ്റോ അംഗത്വത്തിനുള്ള സമയപരിധി നിശ്ചയിക്കാത്തത് അസംബന്ധമാണെന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി. ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള നാറ്റോ സഖ്യത്തിലെ നേതാക്കളുടെ സമ്മേളനത്തിലാണ് സെലൻസ്കി രൂക്ഷവിമർശം ഉയർത്തിയത്. നാറ്റോയിൽ ചേരാനുള്ള ഉക്രയ്ന്റെ താൽപ്പര്യത്തെച്ചൊല്ലി സഖ്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടെന്നാണ് സൂചന.
സഖ്യകക്ഷികൾ സമ്മതിക്കുകയും വ്യവസ്ഥകൾ പാലിക്കുകയും ചെയ്യുമ്പോൾ ഉക്രയ്ന് നാറ്റോയിൽ അംഗത്വം നൽകുമെന്നാണ് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗിന്റെ പ്രതികരണം. എന്നാൽ, ഉക്രയ്ന് കൂടുതൽ സൈനിക സഹായങ്ങൾ സഖ്യത്തിലെ പല രാജ്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, സ്വീഡനെ നാറ്റോയിലെ 32–-ാമത്തെ- അംഗമായി ഉൾപ്പെടുത്താനുള്ള സാധ്യത വർധിച്ചു. സ്വീഡന്റെ അംഗത്വത്തിനുള്ള അംഗീകാരം നൽകുന്നതിനായി പാർലമെന്റിനോട് ആവശ്യപ്പെടുമെന്ന് തുർക്കിയ പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
40 പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും അടക്കം 2400 പ്രതിനിധികൾ ഉച്ചകോടിക്കായി വിൽനിയസിൽ ഒത്തുകൂടി.