കാഞ്ചിപ്പുർ (മണിപ്പുർ)> പതിവ് പ്രാർഥനയ്ക്കും അത്താഴത്തിനുംശേഷം കാഞ്ചിപ്പുർ ഹോളി റിഥിമർ കത്തോലിക്കാ പള്ളിയിലെ പുരോഹിതരും തൊട്ടുചേർന്ന സ്കൂൾ ഹോസ്റ്റലിലെ കുട്ടികളും ഉറങ്ങാനൊരുങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി അക്രമിസംഘം ഇരച്ചെത്തിയത്. മെയ് മൂന്നിന് രാത്രിയാണ് ഇംഫാൽ നഗരത്തോട് ചേർന്നുള്ള പള്ളിയും സ്കൂളും ഓഡിറ്റോറിയവും ഹോസ്റ്റലുമെല്ലാം തകർത്തെറിയപ്പെട്ടത്.
പ്രധാന ഗേറ്റിൽ പതിവില്ലാത്ത ബഹളംകേട്ട് പുറത്തേക്കിറങ്ങിയ പ്രിൻസിപ്പൽ ഫാദർ ഡോ. സ്റ്റീഫൻ തൗത്താങ്ങിനോടും സഹപ്രവർത്തകൻ ഫാദർ ടൈറ്റസിനോടും ഓടിയൊളിക്കാൻ പറയാനേ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പൊലീസുകാർക്ക് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും കറുത്ത വസ്ത്രധാരികളായ നൂറുകണക്കിനാളുകൾ കൊലവിളി മുഴക്കി പാഞ്ഞടുത്തു. കുക്കിവിഭാഗക്കാരനായ പ്രിൻസിപ്പലാണ് അക്രമികളുടെ പ്രധാന ലക്ഷ്യം. നാഗാ വിഭാഗക്കാരനായ ഫാ. ടൈറ്റസ് പ്രിൻസിപ്പലിനോട് വേഗം രക്ഷപ്പെടാൻ ആവശ്യപ്പെട്ടു. കുട്ടികളെയും മറ്റും ഉപേക്ഷിച്ച് രക്ഷപ്പെടാൻ ഫാ. സ്റ്റീഫന് ആദ്യം മനസ്സുണ്ടായില്ല. പൊലീസുകാരും ഫാ. ടൈറ്റസും കേണപേക്ഷിച്ചതോടെ കോമ്പൗണ്ടിന് തൊട്ടു പിന്നിലായുള്ള കോൺവെന്റിലേക്ക് മാറി.
ഹോസ്റ്റലിലെ ആറു കുട്ടികളും ഫാ. ടൈറ്റസും സ്കൂളിൽ അഭയംതേടി. ഇരച്ചെത്തിയ അക്രമികൾ പള്ളിയും അരമനയും ഓഡിറ്റോറിയവും ഹോസ്റ്റലും അടിച്ചുതകർത്തു. വിലപിടിച്ചതെല്ലാം കൊള്ളയടിച്ചു. കോൺവെന്റിലേക്കും അക്രമികൾ എത്തിയേക്കുമെന്ന ഭീതിയിൽ ഫാ. സ്റ്റീഫൻ സൈനികരുടെ സഹായത്താൽ ഇംഫാൽ ബിഷപ് ഹൗസിലേക്ക് പലായനം ചെയ്തു. അവിടെനിന്ന് ഏറെ സാഹസപ്പെട്ട് കുക്കി സ്വാധീന മേഖലയിലേക്ക് പോയ ഫാദർ പിന്നീട് തിരിച്ചെത്തിയിട്ടില്ല.
അക്രമമുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിനായിട്ടില്ല. നാലുവർഷമായി സ്കൂൾ പ്രിൻസിപ്പലായിരുന്ന ഫാ. സ്റ്റീഫൻ അതുല്യപ്രതിഭയായിരുന്നെന്ന് പകരക്കാരനായി എത്തിയ ഫാ. ഖോലി ഇമ്മാനുവൽ ഓർമിച്ചു.