ന്യൂഡൽഹി> അദാനിഗ്രൂപ്പ് കമ്പനികളിലെ വിദേശനിക്ഷേപകരുടെ വിശദാംശങ്ങൾ ലഭിക്കാത്തത് നിലവിലുണ്ടായിരുന്ന നിയമത്തിൽ മാറ്റം വരുത്തിയതുകൊണ്ടല്ലെന്ന ന്യായീകരണവുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ റിപ്പോർട്ടിലാണ് സെബിയുടെ അവകാശവാദം.
2019ൽ വിദേശനിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്തിയതുകൊണ്ടാണ് വിശദാംശങ്ങൾ ലഭ്യമാകാത്തതെന്ന് സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധ സമിതി നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. കമ്പനികളിലെ വിദേശനിക്ഷേപങ്ങളുടെ യഥാർഥ ഗുണഭോക്താവ് ആരെന്ന് റിപ്പോർട്ട് ചെയ്യേണ്ട കാര്യമില്ലെന്ന രീതിയിലാണ് നിയമത്തിൽ സെബി മാറ്റം വരുത്തിയത്.
ഹിൻഡെൻബെർഗ് വെളിപ്പെടുത്തലിനെത്തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിലുണ്ടായ തകർച്ചയുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വിദഗ്ധ സമിതി രൂപീകരിക്കാൻ ഉത്തരവിട്ടത്. ഭാവിയിൽ ഇത്തരം തകർച്ച ഉണ്ടായാൽ സാധാരണക്കാരായ നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാൻ എന്തെല്ലാം നടപടി സ്വീകരിക്കാൻ കഴിയുമെന്ന ശുപാർശ നൽകാനായിരുന്നു വിദഗ്ധ സമിതിക്ക് കോടതി നൽകിയ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി ഒമ്പത് ശുപാർശയുള്ള റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ പ്രതികരണമെന്ന നിലയിലാണ് സെബി സുപ്രീംകോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചത്.
വിദഗ്ധ സമിതി ശുപാർശകളിൽ മിക്കതും ഇതിനോടകം നടപ്പാക്കിയതാണെന്നും ചില ശുപാർശകൾ അപ്രായോഗികമാണെന്നും സെബി അവകാശപ്പെട്ടു. സെബിയുടെ റിപ്പോർട്ട് ചൊവ്വാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചേക്കും.