ന്യൂഡൽഹി> മണിപ്പുർ സംഘർഷങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി എൻ ബിരേൻസിങ് രാജിവയ്ക്കണമെന്നും സമാധാനം പുലരണമെങ്കിൽ കുക്കി പ്രദേശങ്ങൾക്ക് സ്വയംഭരണം നൽകണമെന്നും ആവശ്യപ്പെട്ട ഹൈദരാബാദ് കേന്ദ്രസർവകലാശാല വകുപ്പ് മേധാവിക്കും രണ്ട് കുക്കി അവകാശപ്രവർത്തകർക്കുമെതിരെ കേസ്. ഹൈദരാബാദ് സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫ.ഖാം ഖാൻ സുവാൻ ഹൗവ്സിങ്, കുക്കി വിമൻസ് ഫോറം കൺവീനർ മേരി ഗ്രേസ് സൗ, ബിജെപി അനുകൂല കുക്കി പീപ്പിൾസ് അലയൻസ് ജനറൽ സെക്രട്ടറി വിൽസൺ ലാലം ഹാങ്ഷിങ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ നടത്തുന്ന മണിപ്പുർ പരമ്പരയിൽ പങ്കെടുത്ത് മൂവരും നടത്തിയ അഭിപ്രായപ്രകടനം ജനങ്ങൾക്കിടയിൽ ശത്രുതവളർത്തുന്നതും മാനഹാനിയുണ്ടാക്കുന്നതുമാണെന്നാണ് പരാതിക്കാരുടെ അവകാശവാദം. 27ന് മുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇംഫാൽ ഈസ്റ്റ് ജില്ലാ ജഡ്ജി മൂവർക്കും നോട്ടീസയച്ചു. അതിനിടെ സോമി സ്റ്റുഡന്റ്സ് ഫെഡറേഷൻ യൂണിയൻ പുറത്തിറക്കിയ പുസ്തകം നിരോധിക്കണമെന്ന് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടു. പ്രസാദകർക്ക് എതിരെ നടപടിയെടുക്കണമെന്നും നിർദേശമുണ്ട്.