ന്യൂഡൽഹി> ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുള്ള അധികാരം റദ്ദാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ ഡൽഹി സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾക്ക് നോട്ടീസ് അയച്ചത്.
ഡൽഹി സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്സിങ്വി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന് ശക്തമായി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഹർജി ഭേദഗതി ചെയ്ത് ലെഫ്റ്റനന്റ് ഗവർണറെക്കൂടി കേസിൽ കക്ഷിയാക്കാൻ കോടതി നിർദേശിച്ചു.
രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാരും ലെഫ്.ഗവർണറും നിലപാട് വ്യക്തമാക്കണം. ഓർഡിനൻസിന്റെ നിയമസാധുത ചോദ്യംചെയ്ത് ആംആദ്മി സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.