ന്യൂഡൽഹി> കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട കക്ഷികളും സംഘങ്ങളുമാണ് രാജ്യത്ത് ക്രിസ്തുമതവിശ്വാസികളെ ആക്രമിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്. സുപ്രീംകോടതിയിലാണ് അദ്ദേഹം ഈ വാദമുന്നയിച്ചത്. രാജ്യത്ത് ക്രിസ്തുമതവിശ്വാസികൾക്ക് എതിരായ അതിക്രമങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് ഹർജിക്കാർക്കുവേണ്ടി ഹാജരായ കോളിൻ ഗോൺസാൽവസിന്റെ വാദം.
പ്രാർഥനായോഗങ്ങൾക്ക് സംരക്ഷണം നൽകുക, സംസ്ഥാനങ്ങൾക്കു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി എസ്ഐടി രൂപീകരിക്കുക, ഇരകൾക്ക് നിയമസഹായം ഉറപ്പാക്കുക, ആൾക്കൂട്ട അതിക്രമങ്ങൾ തടയാൻ സുപ്രീംകോടതി തെഹ്സീൻ പൂണാവാല കേസിൽ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കുക–- തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വിദ്വേഷ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത അവകാശപ്പെട്ടു. റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.