ന്യൂഡൽഹി> ക്രിമിനലുകളെ നിലയ്ക്ക് നിർത്താനെന്ന പേരിൽ വീടുകൾ ഇടിച്ചുപൊളിക്കുന്ന ‘ബുൾഡോസർ രാജ്’ അവസാനിപ്പിക്കാൻ ഇടപെടണമെന്ന് സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ. ക്രിമിനലുകളെന്ന് മുദ്രകുത്തി നിരവധി പേരുടെ വീടുകൾ ഇടിച്ചുനിരത്തുന്നു. എന്നാൽ, അവരുടെ കുടുംബവും കുഞ്ഞുങ്ങളും എന്ത് തെറ്റ് ചെയ്തെന്നും ദുഷ്യന്ത് ദവെ ചോദിച്ചു.
ഡൽഹി ജഹാംഗിർപുരിയിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ വീടുകൾ പൊളിക്കുന്നതിനെതിരെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ജഹാംഗിർപുരിയിൽ അധികൃതരുടെ നീക്കം മുസ്ലിം വിഭാഗത്തെയാണ് കൂടുതലും ബാധിച്ചതെന്ന് ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. സോളിസിറ്റർ ജനറൽ തുഷാർമേത്ത ഈ വാദത്തെ എതിർത്തു. തുടർന്ന്, ഇരുവരും തമ്മിൽ വലിയ വാദപ്രതിവാദമുണ്ടായി. ഹർജി പിന്നീട് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.