കൊൽക്കത്ത> ബംഗാളിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന റീ പോളിങ്ങിനിടയിലും വ്യാപക ആക്രമണം. 19 ജില്ലയിലായി 691 ബൂത്തിലേക്കാണ് തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പ് നടന്നത്. ഞായറാഴ്ച വളരെ വൈകിയാണ് തെരഞ്ഞെടുപ്പ് കമീഷൻ റീ പോളിങ് പ്രഖ്യാപിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് വിവരം എല്ലായിടത്തും എത്തിക്കാനായില്ല.
തെരഞ്ഞെടുപ്പ് കമീഷൻ നടപടിയിൽ വ്യാപകമായി പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം 12 പേർ കൊല്ലപ്പെട്ട മൂർഷിദാബാദ് ജില്ലിയിൽമാത്രം 175 ഇടത്തായിരുന്നു റീപോളിങ്. പലയിടങ്ങളിലും അക്രമത്തിനെത്തിയ തൃണമൂലുകാരെ ജനങ്ങൾ സംഘടിതമായി നേരിട്ടു. ഓരോ ബൂത്തിലും നാല് കേന്ദ്ര സേനാംഗങ്ങളെ വീതമാണ് നിയോഗിച്ചത്.
മൂർഷിദാബാദ് ഡോങ്കലിൽ അക്രമികളുമായി എത്തിയ ടിഎംസി സ്ഥാനാർഥിയുടെ വാഹനം ജനങ്ങൾ കത്തിച്ചു. ബോംബുകൾ ശേഖരിച്ച് വച്ചതിന് ടിഎംസി സ്ഥാനാർഥി മനോജ് ഘോഷിനെ അറസ്റ്റ് ചെയ്തു. ശനിയാഴച നടന്ന അക്രമത്തിൽ പരിക്കേറ്റ മൂന്നു പേർകൂടി തിങ്കളാഴ്ച മരിച്ചു. സിപിഐ എമ്മിന്റെ ഒരു പ്രവർത്തകനും തൃണമൂലിന്റെ രണ്ടു പേരുമാണ് മരിച്ചത്. ഇതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ആകെ മരിച്ചവരുടെ എണ്ണം 43 ആയി.