ന്യൂഡൽഹി
വില കുതിച്ച തക്കാളിക്ക് ‘സുരക്ഷാ ഭടന്മാരെ’ ഏർപ്പെടുത്തി പച്ചക്കറി കട ഉടമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് ബൗൺസർമാരെ (സുരക്ഷയ്ക്ക് നിൽക്കുന്നവർ) രംഗത്തിറക്കിയത്. തക്കാളി കൊള്ളയടിക്കുന്നത് ഒഴിവാക്കാൻ ഈ വഴി സ്വീകരിച്ചതെന്ന് കടയുടമയും സമാജ്വാദി പാർടി പ്രവർത്തകനുമായ അജയ് ഫൗജി പറഞ്ഞു. സാധനം വാങ്ങാൻ വരുന്നവരെ തക്കാളിയുടെ അടുത്തേക്ക് എത്താൻ ബൗൺസർമാർ അനുവദിക്കില്ല. നിലവിൽ 160 രൂപയ്ക്കാണ് ഒരു കിലോ തക്കാളി വാരാണസിയിലെ ചില്ലറ കമ്പോളത്തിൽ വിൽക്കുന്നത്. ഉയർന്ന വിലയുടെ പേരിലുള്ള തർക്കങ്ങൾ സ്ഥിരമായതും ബൗൺസർമാരെ നിയമിക്കാൻ കാരണമായി. വോക്കിടോക്കിയടക്കമുള്ള ആധുനിക സജ്ജീകരണങ്ങളുമായാണ് ബൗൺസർമാർ നിലയുറപ്പിക്കുന്നത്. ആളുകൾ 100 ഗ്രാം മാത്രമാക്കി തക്കാളി വാങ്ങുന്നത് ചുരുക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തക്കാളി കൊള്ളയടിച്ച വാർത്തകളും ആശങ്കയുണ്ടാക്കിയെന്ന് ഫൗജി പറഞ്ഞു.
കർണാടകത്തിലെ ഹാസൻ ജില്ലയിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലെ കടയിൽനിന്ന് മൂന്നുലക്ഷം രൂപയുടെ തക്കാളി കൊള്ളയടിക്കപ്പെട്ടിരുന്നു. 90 പെട്ടി തക്കാളിയാണ് മോഷ്ടിക്കപ്പെട്ടത്. ഉത്തരാഖണ്ഡിലെ ഗംഗോത്രി ധാമിൽ കിലോയ്ക്ക് 250 രൂപയും ഡൽഹിയിലും ഉത്തർപ്രദേശിലെ മൊറാദാബാദിലും 160 രൂപയുമാണ് തക്കാളിക്ക് വില.