ന്യൂഡൽഹി
ഏക സിവിൽ കോഡിൽ ശക്തമായി എതിർപ്പ് പരസ്യമാക്കി അരുണാചൽപ്രദേശിലെ ബിജെപിയുടെ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർടി (എൻപിപി). ഏക സിവിൽ കോഡിനെ എതിർക്കാൻ പാർടി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചെന്ന് ജനറൽ സെക്രട്ടറി പങ്കാബാഗേ അറിയിച്ചു. സംസ്ഥാനത്തിന്റെ വംശ, ഗോത്ര വൈവിധ്യങ്ങൾക്ക് എതിരാണ് ഏക സിവിൽ കോഡ് എന്ന പ്രമേയവും പാസാക്കി. അരുണാചലിന് സ്വന്തമായ ആചാര രീതികളും നിയമങ്ങളുമുണ്ട്. ആവശ്യമെങ്കിൽ ചില ഭേദഗതി കൊണ്ടുവരാം. അതല്ലാതെയുള്ള നിയമനിർമാണം അംഗീകരിക്കില്ലെന്ന് പ്രമേയത്തിൽ പറയുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മുഴുവൻ ഏക സിവിൽ കോഡിന് എതിരെ രംഗത്തെത്തി. ഇതോടെ ആശങ്ക പരിശോധിക്കാനെന്ന പേരില്‍ കേന്ദ്ര സർക്കാർ പുതിയ നീക്കം തുടങ്ങി. നാഗാലാൻഡിലെ ഗോത്രവിഭാഗക്കാരെയും അതിൽ ഉൾപ്പെടുന്ന ക്രിസ്തു മതവിശ്വാസികളെയും ഒഴിവാക്കാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനൽകിയെന്ന് സംസ്ഥാന സർക്കാർ വെളിപ്പെടുത്തി. കേന്ദ്രം ഈ അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല.പഞ്ചാബിൽ ശിരോമണി ഗുരുദ്വാര പ്രബന്ധക്ക് കമ്മിറ്റിയും (എസ്ജിപിസി) ഏകസിവില്‍ കോഡിനെതിരെ രംഗത്തുണ്ട്.
ഏക സിവിൽ കോഡിനായി നീക്കം ന്യൂനപക്ഷങ്ങളെ മുഴുവൻ അലോസരപ്പെടുത്തുമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയായ ഗുലാംനബി ആസാദ് മുന്നറിയിപ്പ് നല്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുപോലെ എളുപ്പത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കാമെന്ന് വ്യാമോഹിക്കരുതെന്നും അദ്ദേഹം പറഞ്ഞു.