വാഷിങ്ടൺ
ഉക്രയ്ന് ക്ലസ്റ്റർ ബോംബുകൾ നൽകാനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി നാറ്റോ അംഗങ്ങളായ യുഎസ് സഖ്യരാഷ്ട്രങ്ങൾ. യുകെ, ക്യാനഡ, ന്യൂസിലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളാണ് എതിര്‍പ്പ് പ്രകടമാക്കിയത്. റഷ്യക്കെതിരെ ഈ ആയുധങ്ങൾ ഉപയോഗിക്കുന്നത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഈ രാഷ്ട്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ആയുധങ്ങളുടെ നിർമാണവും ഉപയോഗവും നിരോധിക്കുകയും അവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ കൺവൻഷനിൽ ഒപ്പുവച്ച 123 രാജ്യങ്ങളിൽ ഒന്നാണ് തങ്ങളെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.ഉക്രയ്ന് ക്ലസ്റ്റർ ബോംബ് നൽകുന്നതിനെതിരെ തങ്ങളുടെ എതിർപ്പ് വൈറ്റ് ഹൗസിനെ അറിയിച്ചതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു.
നൂറി-ലേറെ രാജ്യങ്ങളിൽ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ സാധാരണ ജനങ്ങൾക്കും അപകടമുണ്ടാക്കും, പൊട്ടാത്ത ബോംബുകൾ വർഷങ്ങളോളം നിലത്ത് കിടക്കുകയും പിന്നീട് ഏതുസമയത്തും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.സൈനിക സഹായ പാക്കേജിന്റെ ഭാഗമായി ഉക്രയ്ന് ക്ലസ്റ്റർ ബോംബുകൾ നൽകുമെന്ന് കഴിഞ്ഞദിവസമാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേശകൻ ജേക്ക് സുള്ളിവൻ പറഞ്ഞത്. തീരുമാനത്തിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.
നിരാശാജനകം: റഷ്യ
യുഎസിന്റെ തീരുമാനം നിരാശാജനകമാണെന്ന് റഷ്യന്‍ വിദേശമന്ത്രാലയം. ഏറെ കൊട്ടിഘോഷിച്ച ഉക്രയ്ൻ പ്രത്യാക്രമണത്തിന്റെ ബലഹീനതയാണിത്. സംഘർഷം പരമാവധി നീട്ടിക്കൊണ്ടുപോകലാണ് യുഎസിന്റെ ലക്ഷ്യമെന്നും വിദേശമന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.