ന്യൂഡൽഹി
എൻസിപി പിളർത്തി ബിജെപി കൂടാരത്തിലെത്തിയ അജിത് പവാറും കൂട്ടരും ഒരാഴ്ചയായി വകുപ്പില്ലാ മന്ത്രിമാരായി തുടരുന്നു. ഉപമുഖ്യമന്ത്രിയായ അജിത് പവാർ ധനം, റവന്യു, ഊർജ വകുപ്പുകളാണ് ആവശ്യപ്പെട്ടത്. ഇതൊന്നും അംഗീകരിക്കില്ലെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷത്തെ ശിവസേന എംഎൽഎമാരുടെ നിലപാട്. 17ന് നിയമസഭ ചേരാനിരിക്കെ പ്രതിസന്ധി രൂക്ഷമായി. വകുപ്പുവിഭജനം വേഗത്തിലാക്കാനുള്ള ബിജെപിയുടെ സമ്മർദ നീക്കം ഫലംകണ്ടില്ല.
ബിജെപി, ശിവസേന മന്ത്രിമാരിൽ നാലുപേരെ വീതം മാറ്റി പുതിയവരെ എടുക്കാമെന്ന ഒത്തുതീര്‍പ്പ് നിര്‍ദേശവും ഷിൻഡെ പക്ഷം തള്ളി. അതൃപ്തർ വിമതനീക്കം നടത്തുമോയെന്ന ആശങ്കയിലാണ് നേതൃത്വം. മഹാരാഷ്ട്രയിൽ 43 മന്ത്രിമാർവരെ ആകാം. 14 മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. ശിവസേന പിളർത്തിയെത്തിയ ഷിൻഡെ പക്ഷത്തും ആ ഘട്ടത്തിൽ മാറ്റിനിർത്തപ്പെട്ട ബിജെപി നേതാക്കളും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.
മടങ്ങിവരൂ: ശരദ് പവാര്‍
മഹാരാഷ്ട്ര പര്യടനം നടത്തുന്ന എൻസിപി അധ്യക്ഷൻ ശരദ് പവാർ വിമതർക്ക് തിരിച്ചുവരാമെന്ന് വ്യക്തമാക്കി. ആകെയുള്ള 53 എംഎൽഎമാരും മറുകണ്ടം ചാടിയാലും പാർടി പിടിക്കാൻ വിമതർക്കാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർടിയിലെ പ്രശ്നങ്ങൾ മാനസികമായി തളർത്തിയെന്നും ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പവാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ജുന്നാർ എംഎൽഎ അതുൽ ബെങ്കെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലാത്ത ഡിയോലാലി എംഎൽഎ സരോജ് അഹിരെയെ ആശുപത്രിയിൽ സന്ദർശിച്ച സുപ്രീയ സൂലെ പിന്തുണ അഭ്യർഥിച്ചു. 10 പേരാണ് ആർക്കൊപ്പമാണെന്ന് വ്യക്തമാക്കാത്തത്. ശിവസേന നേതാവ് ഉദ്ദവ് താക്കറെ ദ്വിദിന വിദർഭ പര്യടനം ഞായറാഴ്ച തുടങ്ങി.