ന്യൂഡൽഹി
പാകിസ്ഥാൻ ചാരവനിതയ്ക്ക് മുതിർന്ന ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ സുപ്രധാന ആയുധ രഹസ്യങ്ങൾ കൈമാറിയെന്ന മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ കണ്ടെത്തൽവഴി വെളിപ്പെടുന്നത് ഗുരുതര സുരക്ഷാഭീഷണി. ചാര വനിതയിൽ ആകൃഷ്ടനായ ഇയാൾ മിസൈൽ രഹസ്യങ്ങളടക്കം കൈമാറിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. യുകെയിലുള്ള സോഫ്റ്റ്വെയർ എൻജിനിയറായ സാറ ദാസ്ഗുപ്ത എന്ന വ്യജേന 2022 മെയ് മുതൽ ഡിസംബർ വരെ കുരുൽക്കറുമായി പാക് ചാരവനിത ബന്ധം പുലർത്തി. ഇവർ വാട്സാപ്പിൽ നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുനൽകി. അവര് ആവശ്യപ്പെട്ടതുപ്രകാരം ബ്രഹ്മോസ് മിസൈലിന്റെ ലോഞ്ചർ വിവരങ്ങൾ, ഡ്രോൺ, യുസിവി, അഗ്നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിങ് സിസ്റ്റം തുടങ്ങിയവയുടെ അതിപ്രധാനമായ വിവരങ്ങൾ കുരുൽക്കർ കൈമാറി.
അഗ്നി –-6 മിസൈലിന്റെ വിവരം അയച്ചശേഷം ഇത് തന്റെ സ്വന്തം രൂപകൽപ്പനയാണെന്ന് ചാരവനിതയോട് കുരുൽക്കർ പറഞ്ഞിരുന്നെന്നും എടിഎസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കുരുൽക്കറിന്റെ ഫോണിൽ ഡൗൺലോഡ് ചെയ്യപ്പെട്ട രണ്ട് ആപ്പുകൾ വഴി ഫോണിൽ നിന്നുള്ള വിവരങ്ങൾ ചാരവനിത ചോർത്തി. ചട്ടവിരുദ്ധമായി രഹസ്യപദ്ധതി വിവരങ്ങൾ പലതും ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നു.
അതേസമയം, തലമുറകളായി കടുത്ത ആർഎസ്എസ് പ്രവർത്തകരാണ് കുരുൽക്കറുടെ കുടുംബം. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിലടക്കം കുരുൽക്കർ എത്തിയിട്ടുണ്ട്.