കൊച്ചി
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കുന്നുകര പഞ്ചായത്തിലെ നെയ്ത്തുയൂണിറ്റിൽ നെയ്ത പുതിയ ഖാദി ഷർട്ട് തിങ്കളാഴ്ചമുതൽ വിപണിയിലെത്തും. ‘പാപ്പിലിയോ’ എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന ഷർട്ടുകളുടെ വിപണനോദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിക്കും. കുന്നുകര അഹാന ഓഡിറ്റോറിയത്തിൽ പകൽ രണ്ടിന് നടക്കുന്ന ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷനാകും. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങും.
‘ഖാദി പഴയ ഖാദിയല്ല’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ ഷർട്ടുകൾ വിപണിയിലിറക്കുന്നത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുമായി സഹകരിച്ചാണ് പുതിയ വസ്ത്രങ്ങളുടെ രൂപകൽപ്പന. 900 രൂപമുതൽ വിലയിൽ ഷർട്ട് ലഭ്യമാണ്. 30 ശതമാനം റിബേറ്റും ലഭിക്കും.
ഖാദി ഷർട്ടുകൾക്കുപുറമേ പാപ്പിലിയോ ബ്രാൻഡിൽ ചുരിദാർ, കുഞ്ഞുടുപ്പ് തുടങ്ങിയവയും കുന്നുകര യൂണിറ്റിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഖാദി ബോർഡിന്റെ വിൽപ്പനശാലകൾ വഴിയും ഫ്ലിപ്കാർട്ട് വഴി ഓൺലൈനായും ഉൽപ്പന്നങ്ങൾ വിറ്റഴിക്കും.