കൊൽക്കത്ത
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുശേഷവും അക്രമസംഭവങ്ങൾക്ക് അറുതിയില്ല. ഞായറാഴ്ചയും പല ജില്ലയിലും ആക്രമണങ്ങളുണ്ടായി. മൂർഷിദാബാദ്, നാദിയ, കൂച്ച് ബിഹാർ, ജാൽപായ്ഗുരി, ഉത്തര- ദക്ഷിണ 24 പർഗാനാസ്, പശ്ചിമ ബർദ്വമാൻ, ബിർഭും എന്നീ ജില്ലകളിൽ ആക്രമണ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. തൃണമൂൽ അക്രമികൾ പ്രതിപക്ഷ സ്ഥാനാർഥികളുടെയും അവരുടെ ഏജന്റുമാരുടെയും പ്രവർത്തകരുടെയും വീടുകളും സ്ഥാപനങ്ങളും ആക്രമിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. വോട്ടെടുപ്പ് നടന്ന ശനിയാഴ്ചമാത്രം 17 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഒരു തൃണമൂലുകാരനും ബിജെപിക്കാരനും കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 40 ആയി.
ഉത്തര 24 പർഗാനാസിലെ ശശിപുരിൽ സിപിഐ എം പാർടി ഓഫീസ് തൃണമൂലുകാർ ആക്രമിച്ചു. അഞ്ച് സിപിഐ എം പ്രവർത്തകർക്ക് സാരമായ പരിക്കേറ്റു. ബിർഭും ജില്ലയിലെ രാമ്പൂർഹട്ടിൽ പഞ്ചായത്ത് സമിതിയിലെ സിപിഐ എം സ്ഥാനാർഥിയുടെ ഭർത്താവും പാർടി നേതാവുമായ അബ്സറൂൾ ഷേക്കിനെ തട്ടിക്കൊണ്ടുപോയി. അതിൽ പ്രതിഷേധിച്ച് പാർടി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. മൂർഷിദാബാദിൽ റാണിനഗർ, ഡോങ്കൽ എന്നിവിടങ്ങളിൽ കോൺഗ്രസ് തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. നിരവധിപേർക്ക് പരിക്കേറ്റു. കൂച്ച് ബിഹാർ, ജാൽപായ്ഗുരി ജില്ലകളിൽ പല ഭാഗത്തും ബിജെപിക്കാർ ആക്രമണത്തിന് നേതൃത്വം നൽകി.
റീപോളിങ് ഇന്ന്
652 ബൂത്തുകളിൽ തിങ്കളാഴ്ച റീ പോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പുകമീഷൻ അറിയിച്ചു. നാലോളം ജില്ലകളിലെ റീപോളിങ്ങിൽ തീരുമാനമായിട്ടില്ല. ഒരു ബൂത്തിൽ നാല് കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കും. ആക്രമണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും വേണ്ടത്ര കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കാൻ കമീഷൻ തയാറായില്ലെന്ന് ബിഎസ്എഫ് ഐജിതന്നെ പരാതിപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് സംഘർഷത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഗവർണർ ആനന്ദബോസ് ഞായറാഴ്ച ഡൽഹിയിലേക്ക് പോയി. വ്യാപകമായ ആക്രമണത്തിന്റെയും കൊലപതകങ്ങളുടെയും പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രി മമത ബാനർജിക്കാണെന്ന് പിസിസി പ്രസിഡന്റ് അധിർരഞ്ജൻ ചൗധരി പറഞ്ഞു.