ചെന്നൈ
ഗവർണർ ടി എൻ രവിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി നൽകി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി രവി കൂടിക്കാഴ്ച നടത്തിയ ശനിയാഴ്ചയാണ് സ്റ്റാലിൻ രാഷട്രപതിക്ക് പരാതി നൽകിയത്.
ഭരണാഘടനാ പദവിയായ ഗവർണർ സ്ഥാനത്തിരിക്കാൻ ടി എൻ രവിക്ക് യോഗ്യതയില്ലെന്ന് സ്റ്റാലിൻ പരാതിയിൽ പറഞ്ഞു. സംസ്ഥാന നിയമസഭ അംഗീകരിച്ച ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ അനാവശ്യ കാലതാമസം, കുറ്റാരോപിതരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ കാലതാമസം, തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകൾ സ്വീകരിക്കല്‍, പൊലീസ് അന്വേഷണത്തിൽ ഇടപെടല്‍ എന്നീ ആരോപണങ്ങളാണ് ഗവർണർക്കെതിരെ സ്റ്റാലിൻ ഉന്നയിച്ചത്.
കഴിഞ്ഞ ജനുവരി 12ന് ഗവർണർക്കെതിരെ സംസ്ഥാന നിയമമന്ത്രി രാഷ്ട്രപതിക്ക് നൽകിയ കത്തുകളെത്തുടർന്നാണ് മുഖ്യമന്ത്രി പരാതി നൽകിയതെന്ന് തമിഴ്നാട് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇഡി അറസ്റ്റ് ചെയ്ത മന്ത്രി വി സെന്തിൽ ബാലജിയെ മന്ത്രിസഭയിൽനിന്ന് പിരിച്ചുവിട്ട ഗവർണറുടെ നടപടി ഗൗരവമായ ഭരണഘടനാ ലംഘനമാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.