നോയിഡ
പബ്ജി കളിച്ച് പ്രണയത്തിലായ യുവാവിനെ തേടി നാലുമക്കളുമായി അനധികൃതമായി ഇന്ത്യയിലെത്തിയ പാക് വനിത സീമയ്ക്ക് ജാമ്യം ലഭിച്ചു. ജൂലൈ നാലിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏഴു വയസ്സിനു താഴെയുള്ള നാലു കുട്ടികളുമായി നേപ്പാൾ വഴി വിസയില്ലാതെയാണ് ഇവർ ഇന്ത്യയിലെത്തിയത്. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിന് നോയിഡ സ്വദേശി സച്ചിൻ മീണയെയും ജയിലിൽ അടച്ചിരുന്നു.
ഇന്ത്യൻ പൗരത്വം നേടാന്‍ ശ്രമിക്കുമെന്ന് ജയിലിൽനിന്ന് പുറത്തിറങ്ങിയ സീമ പറഞ്ഞു.
കോവിഡ് മഹാമാരി കാലത്ത് പബ്ജി ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് സീമയും സച്ചിനും പ്രണയത്തിലായത്. ഈ വർഷം മാർച്ചിൽ നേപ്പാളിലെത്തി ഇരുവരും വിവാഹിതരായി. പാകിസ്ഥാനിലെത്തിയശേഷം സ്വന്തം സ്ഥലം ഇവർ 12 ലക്ഷം രൂപയ്ക്ക് വിറ്റു. ഈ പണമുപയോഗിച്ച് തനിക്കും നാല് കുട്ടികൾക്കും വിമാന ടിക്കറ്റും നേപ്പാൾ വിസയും സംഘടിപ്പിച്ചു. മേയിൽ അവർ വീണ്ടും നേപ്പാളിലെത്തി. ബസ് മാർഗം കാഠ്മണ്ഡുവിൽനിന്ന് മെയ് 13നാണ് ഡൽഹിയിൽ എത്തിയത്.
അതേസമയം, സീമയുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ച് മുൻ ഭർത്താവ് ഗുലാം ഹൈദർ രംഗത്തെത്തി. പാകിസ്ഥാനിലെത്തിയാൽ ജീവന് ഭീഷണിയുണ്ടാകുമെന്നും സീമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.