തൃശൂർ
സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾക്ക് സാധാരണയായി അയക്കാറുള്ള ഉത്തരവ് മാത്രമാണ് ഇത്തവണയും വന്നിട്ടുള്ളതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ. അക്കാദമികളുടെ സ്വാതന്ത്ര്യം അപഹരിക്കുന്നതോ അവയെ നിയന്ത്രിക്കുന്നതോ ആയ നിർദ്ദേശം ഒന്നുമില്ല. സാമ്പത്തികമായ അച്ചടക്കം പാലിക്കണമെന്ന നിർദേശമുണ്ട്. അത് സ്വാഭാവികമാണ്. സാംസ്കാരിക വകുപ്പിന്റെ സെക്രട്ടറിയോ സെക്രട്ടറിയുടെ പ്രതിനിധിയോ പങ്കെടുക്കേണ്ടതുകൊണ്ട് യോഗങ്ങളുടെ തീയതി സാംസ്കാരിക വകുപ്പുമായി ആലോചിച്ച് തീരുമാനിക്കണമെന്നുള്ളതാണ് മറ്റൊന്ന്. ഇതും പുതിയ കാര്യമല്ല. ഇത് മുമ്പേയുള്ള കീഴ്വഴക്കമാണ്.
സാംസ്കാരിക വകുപ്പിന്റെ വെബ് സൈറ്റിൽ ഓരോ സാംസ്കാരിക സ്ഥാപനത്തിന്റെയും മൂന്നുമാസത്തെ പരിപാടികൾ മുൻകൂട്ടി തീരുമാനിച്ച് അനൗൺസ് ചെയ്യുക എന്നതാണ് മറ്റൊന്ന്. എന്ത് പരിപാടികൾ നടത്തണമെന്ന് സാംസ്കാരിക വകുപ്പ് നിർദേശിക്കാറില്ല. അവരുടെ അനുവാദം വാങ്ങണമെന്നും പറയാറുമില്ല. ഈ ഉത്തരവിൽ എതിർക്കേണ്ടതായി ഒന്നുംതന്നെയില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.