തിരുവനന്തപുരം
ഏക സിവിൽ കോഡിൽ കോൺഗ്രസിന്റെ ആത്മാർഥത ചോദ്യം ചെയ്യപ്പെടുന്നതിനിടെ യുഡിഎഫ് യോഗം തിങ്കളാഴ്ച ചേരും. വിഷയത്തിൽ മുസ്ലിംലീഗ് സ്വീകരിച്ച നിലപാടിൽ വെട്ടിലായി നിൽക്കുകയാണ് കോൺഗ്രസ്. ദേശവ്യാപക സമരത്തിന് തയ്യാറാകാത്ത കോൺഗ്രസിന്റെ ആത്മാർഥതയെ മുസ്ലിംലീഗ് നേതൃത്വം സംശയത്തോടെയാണ് കാണുന്നത്. കേരളത്തിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് പറയുമ്പോഴും തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിന്റെ മുഖ്യ അജൻഡയിൽ ഏക സിവിൽ കോഡ് വിഷയം ഉൾപ്പെടുത്താത്തതിൽ ലീഗ് നേതൃത്വം അസംതൃപ്തരാണ്. ഏക സിവിൽ കോഡ് വിഷയം കത്തിനിൽക്കുമ്പോഴും സംസ്ഥാന സർക്കാരിനെതിരായ സമരങ്ങളാണ് യുഡിഎഫ് അജൻഡയിൽ പ്രധാനം.
തങ്ങളെ വിശ്വാസത്തിലെടുക്കാതെ കോൺഗ്രസ് സ്വന്തംനിലയ്ക്ക് പരിപാടികളുമായി മുന്നോട്ടുപോകുന്നുവെന്ന സൂചനകൾ ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം സെമിനാറിനുള്ള ലീഗ് തീരുമാനം. ദേശീതലത്തിൽ സമരം നടത്താതിരിക്കുകയും സംസ്ഥാനത്ത് പ്രതിഷേധം എന്ന് നടത്തുമെന്ന് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പായാണ് ലീഗ് കാണുന്നത്. അതേസമയം, ദളിത് വിഭാഗങ്ങളെയും ക്രിസ്ത്യൻ ന്യൂനപക്ഷത്തെയും ഒപ്പം കൂട്ടാതെയുള്ള മുസ്ലിംലീഗ് തീരുമാനത്തോട് കോൺഗ്രസിനുള്ളിലും എതിർപ്പുണ്ട്.
മറുനാടൻ മലയാളിക്ക് സംരക്ഷണം ഒരുക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രഖ്യാപനവും യുഡിഎഫ് യോഗത്തിൽ വിമർശത്തിന് കാരണമാകും. വിയോജിപ്പ് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പരസ്യമായി പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ കെ മുരളീധരനും പരസ്യ വിമർശവുമായി രംഗത്തെത്തി. കെപിസിസിയിൽ ചർച്ച ചെയ്യാത്ത വിഷയം നിലപാടായി പ്രഖ്യാപിച്ചത് എങ്ങനെയെന്നാണ് നേതാക്കളുടെ ചോദ്യം.