ഇംഫാൽ
മണിപ്പുരിലെ ഇംഫാൽ താഴ്വരയും അതിനെ ചുറ്റിവളഞ്ഞുള്ള മലനിരകളും രണ്ട് ശത്രുരാജ്യംപോലെ വേർപിരിഞ്ഞുകഴിഞ്ഞു. താഴ്വരയിൽ നിലവിൽ കുക്കി സമുദായക്കാർ ആരുംതന്നെയില്ല. കുന്നുകളിലും മലകളിലുമായി വാസമുറപ്പിച്ചിരുന്ന മെയ്ത്തീകൾ താഴ്വരയിലേക്ക് പലായനം ചെയ്തുകഴിഞ്ഞു.
68 ദിവസം മുമ്പുവരെ ശാന്തമായിരുന്നു 30 ലക്ഷംമാത്രം ജനസംഖ്യയുള്ള മണിപ്പുർ എന്ന കൊച്ചുസംസ്ഥാനം. സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാൻ സംഘപരിവാർ പയറ്റിയ ധ്രുവീകരണ രാഷ്ട്രീയമാണ് മണിപ്പുരിനെ കലാപഭൂമിയാക്കിയത്. കുക്കി, മെയ്ത്തീ വിഭാഗങ്ങളിലെ ക്രൈസ്തവ വിശ്വാസികൾ ഒരേപോലെ സംഘപരിവാറിന്റെ വർഗീയവേട്ടയ്ക്ക് ഇരയായി.
മെയ്ത്തീകളെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന മണിപ്പുർ ഹൈക്കോടതി വിധിക്കു പിന്നാലെ മെയ് മൂന്നിനാണ് സംസ്ഥാനത്തെങ്ങും കലാപവും കൊള്ളിവയ്പും ആരംഭിച്ചത്. ഇംഫാൽ നഗരത്തിലടക്കം പള്ളികളും കത്തോലിക്കാ സ്ഥാപനങ്ങളും ആസൂത്രിതമായി കത്തിച്ചു. സംസ്ഥാന വ്യാപകമായി 360 പള്ളി നാമാവശേഷമാക്കി. ഇരുനൂറ്റമ്പതിലേറെപ്പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പതിനായിരങ്ങൾ ഭവനരഹിതരായി. 60,000 പേർ രണ്ടു മാസത്തിലേറെയായി അഭയാർഥി ക്യാമ്പുകളിൽ. മണിപ്പുരിൽ ഭരണവാഴ്ച പൂർണമായും തകർന്നു. ബിജെപി നേതാവ് ബീരേൻ സിങ് നിലവിൽ മെയ്ത്തീകളുടെമാത്രം മുഖ്യമന്ത്രി.
മെയ്ത്തീകളുടെ സ്വാധീനമേഖലയായി താഴ്വരയിൽനിന്ന് കുക്കികളുടെ പ്രദേശമായ കുന്നുകളിലേക്ക് റോഡുമാർഗമുള്ള യാത്ര തീർത്തും അസാധ്യം. പ്രധാന പാതകളിലടക്കം മരങ്ങൾ പിഴുത് കുറുകെയിട്ടും വേലി കെട്ടിയും തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ഓരോ അരക്കിലോമീറ്ററിലും മെയ്ത്തീ സ്ത്രീകളുടെ സംഘങ്ങൾ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കും. കുക്കി വിഭാഗത്തിലെ ഒരാളും താഴ്വര കടന്നുപോകാതിരിക്കാനാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സൂക്ഷ്മപരിശോധന. കുക്കി മേഖലയിലും സ്ഥിതി സമാനമാണ്. ജനങ്ങൾ നിയമം കൈയിലെടുത്തിരിക്കുന്നു. സൈന്യവും പൊലീസുമെല്ലാം ബോധപൂർവമോ അല്ലാതെയോ കാഴ്ചക്കാർമാത്രം. സുരക്ഷാസേനയെ ഇരുവിഭാഗവും ഒരുപോലെ പക്ഷപാതികളെന്ന് പഴിക്കുന്നു.
താഴ്വരയും കുന്നുകളും സംഗമിക്കുന്ന അതിർത്തിമേഖലകൾ ഇപ്പോഴും സംഘർഷഭരിതം. രാത്രികാലങ്ങളിൽ നിലയ്ക്കാത്ത വെടിയൊച്ചകൾ. തോക്കുധാരികളായ ചെറുപ്പക്കാർ പരസ്പരം ഉന്നംവയ്ക്കുന്നു. വെള്ളിയാഴ്ച രാത്രിയും നാലുപേർ കൊല്ലപ്പെട്ടു. മണിപ്പുർ രക്തരൂഷിതമായി തുടരുമ്പോൾ സമാധാന പുനഃസ്ഥാപനത്തിനായി ഒരു ശ്രമവും ബിജെപിയുടെ ‘ഇരട്ട എൻജിൻ’ സർക്കാരിൽനിന്ന് ഇല്ല.
കലാപഭൂമി സന്ദർശിച്ച് ഇടതുപക്ഷ എംപിമാർ
കലാപത്തിന്റെ പിടിയിലമർന്ന മണിപ്പുരിൽ ഇടതുപക്ഷ എംപിമാരുടെ പ്രതിനിധി സംഘം ഇരകളെയും അഭയാർത്ഥികളെയും സന്ദർശിച്ചു. വ്യാപക ആക്രമണങ്ങൾ അരങ്ങേറിയ സ്ഥലങ്ങളിലും അഭയാർത്ഥി ക്യാമ്പുകളിലും രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, ബികാഷ് രഞ്ജൻ ഭട്ടാചാര്യ (സിപിഐ എം), ബിനോയ് വിശ്വം, പി സന്തോഷ്കുമാർ, ലോക്സഭാംഗം കെ സുബ്ബരായൻ (സിപിഐ) എന്നിവർ നേരിട്ടെത്തി. ആസൂത്രിതമായ ക്രൈസ്തവവേട്ടയാണ് മണിപ്പുരിൽ നടപ്പാക്കിയതെന്ന് ഇംഫാൽ ആർച്ച് ബിഷപ് ഡൊമിനിക് ലുമിനോ ഇടതുപക്ഷഎംപിമാരോട് വെളിപ്പെടുത്തി.
ഇവിടെയുമുണ്ട്
മലയാളി കരുതൽ
മെയ് നാല് പകൽ. ഇംഫാലിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (റിംസ്) കാഷ്വാലിറ്റി വിഭാഗത്തിൽ പതിവില്ലാത്തവിധം അടിയന്തര ചികിത്സ തേടുന്നവരുടെ തിരക്കേറുന്നു. ഒന്നിനു പുറകെ ഒന്നായി അലാറം മുഴക്കി ആംബുലൻസുകൾ എത്തുന്നു. ചികിത്സ തേടുന്നവരിൽ വെടിയേറ്റവരും മാരകമായി വെട്ട് കൊണ്ടവരും പൊള്ളലേറ്റവരുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ചികിത്സ നൽകേണ്ട സർജറി വിഭാഗത്തിലേക്ക് എല്ലാ വകുപ്പുകളിൽനിന്നുമായി എത്തിയ ഡോക്ടർമാരുടെ സംഘത്തിൽ കേരളത്തിൽനിന്നുള്ള പിജി വിദ്യാർഥികളായ റഹീസും ശരത്തും തേജസും ജ്യോത്സനയുമെല്ലാം ഉൾപ്പെട്ടു.
അതുവരെ ശാന്തമായിരുന്ന ഇംഫാൽ നഗരം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടെന്ന് മലയാളി വിദ്യാർഥികൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അടുത്ത ദിവസങ്ങളിലും പരിക്കേറ്റവരുടെ പ്രവാഹം തുടർന്നു. രാത്രിയിൽ ചുറ്റുമുള്ള മലനിരകളിൽ തീഗോളങ്ങൾ ഉയർന്നുപടരുന്നത് അവർ ഭീതിയോടെ കണ്ടു. അന്തരീക്ഷത്തിൽ വെടിയൊച്ചകളും കണ്ണീർവാതക ഷെല്ലുകൾ തുടർച്ചയായി പൊട്ടുന്ന ശബ്ദവും ഉയർന്നുകേട്ടു. മൊബൈൽ ഇന്റർനെറ്റും ബ്രോഡ്ബാൻഡും നിലച്ചു. പുറത്ത് എന്തുസംഭവിക്കുന്നുവെന്ന് അറിയാത്ത ദിനരാത്രങ്ങൾ. ആശങ്കാകുലരായി നാട്ടിലെ ബന്ധുക്കൾ. ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യത്താൽ മെസുകൾ അടച്ചുതുടങ്ങി.
പ്രതിസന്ധിയുടെ ദിനങ്ങൾ അവർ ആത്മസംയമനത്തോടെ നേരിട്ടു. ഭയവും ആശങ്കയുമെല്ലാം ഉള്ളിലൊതുക്കി ചങ്കുറപ്പോടെ ആതുരസേവനം തുടർന്നു. കുക്കി വിഭാഗക്കാരായ സഹപ്രവർത്തകർ എത്താതായതോടെ ജോലിഭാരം ഇരട്ടിച്ചു.
കൊല്ലം സ്വദേശി അഫ്സൽ 2011 മുതൽ റിംസിലുണ്ട്. എംബിബിഎസ് പൂർത്തീകരിച്ചതും ഇവിടെ. തലശേരി സ്വദേശി തേജസ്, കോഴിക്കോട്ടുനിന്ന് റഹീസും ദൃശ്യയും, ചേർത്തലയിൽനിന്ന് ജ്യോതിയും ശരത്തും, വൈക്കം സ്വദേശി വിഷ്ണു, കൊടുങ്ങല്ലൂർ സ്വദേശി അഥീന, പാലക്കാട് സ്വദേശി ജ്യോത്സന, കോട്ടയം ചുങ്കത്തുനിന്ന് മെർലിൻ. രണ്ടുമാസമായി നെറ്റില്ലാത്തതാണ് ഏറ്റവും ബുദ്ധിമുട്ടിക്കുന്നതെന്ന് 11 പേരും പറഞ്ഞു. ക്യാമ്പസ് സുരക്ഷിതമാണ്. മൂന്നുമാസത്തെ ഗ്രാമീണസേവനമാണ് പ്രതിസന്ധി. ദൂരജില്ലകളാണ് ചിലർക്ക് ലഭിച്ചത്. എല്ലാ പ്രതിസന്ധികളെയും നേരിട്ട് ചികിത്സയുമായി മുന്നോട്ടുതന്നെയെന്ന തീരുമാനത്തിലാണ് മലയാളി വിദ്യാർഥികളെല്ലാം. റിംസടക്കം നാല് മെഡിക്കൽ സ്ഥാപനങ്ങളിലായി എൺപതോളം മലയാളി വിദ്യാർഥികൾ മണിപ്പുരിൽ പഠിക്കുന്നുണ്ട്.