കോഴിക്കോട്
പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് സമ്പൂർണ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക യോഗം ചേരുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി തിങ്കൾ വൈകിട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 15ന് പൂർത്തീകരിക്കും. ഇതിനുശേഷം മലബാർ മേഖലയിലെ ജില്ലകളിലെ പ്ലസ് വൺ പ്രവേശന സ്ഥിതി താലൂക്ക് അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കും.
ആവശ്യമുള്ളിടത്ത് എയ്ഡഡ് സ്കൂളുകളിലടക്കം അധിക താൽക്കാലിക ബാച്ചുകൾ അനുവദിച്ച് എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും.
സംസ്ഥാനതലത്തിൽ പരിശോധിച്ചാൽ സീറ്റ് അധികമായി കാണാം. എന്നാൽ ജില്ലാതലത്തിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ സീറ്റിന്റെ നേരിയ കുറവുണ്ട്. പാലക്കാട് 390 സീറ്റും മലപ്പുറം ജില്ലയിൽ 461 സീറ്റുമാണ് കുറവ്. സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം താലൂക്ക്തല കണക്കെടുക്കുമ്പോൾ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കൂ.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വളരെ ചുരുക്കം വിദ്യാർഥികൾക്ക് അപേക്ഷകളിലെ ഓപ്ഷനുകളുടെ കുറവുകൊണ്ട് മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ല. അത്തരം വിദ്യാർഥികൾക്ക് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റോടെ മെറിറ്റ് അടിസ്ഥാനപ്പെടുത്തി പ്രവേശനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.