കൊൽക്കത്ത
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനിടെ വൻതോതിൽ അരങ്ങേറിയ അക്രമത്തെക്കുറിച്ച് പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് കമീഷണർ രാജുവ് സിൻഹ തയ്യാറായില്ല. വോട്ടെടുപ്പ് നടത്തുകയാണ് തന്റെ ഉത്തരവാദിത്തമെന്നും അക്രമം തടയുകയല്ലെന്നുമുള്ള വിചിത്രമായ നിലപാടാണ് കമീഷൻ സ്വീകരിച്ചത്. ഗവർണർ സി വി ആനന്ദ ബോസ് പല ബൂത്തുകളും സന്ദർശിച്ചു. അക്രമത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.
അക്രമാസക്തവും നീതിരഹിതവുമായി നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതുമുന്നണി കൊൽക്കത്തയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പൊളിറ്റ്ബ്യൂറോ അംഗം സൂര്യകാന്ത മിശ്ര തുടങ്ങിയവർ നേതൃത്വം നൽകി. തൃണമൂൽ ഭരണത്തിൽ സംസ്ഥാനത്ത് ജനാധിപത്യ മൂല്യങ്ങൾക്ക് ഒരു സ്ഥാനവുമില്ലെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പെന്ന് സലിം പറഞ്ഞു.